സൗദിയിലെ 28-ാം ലുലു ഹൈപ്പർ മാർക്കറ്റ് ദമാമിൽ തുറന്നു

സ്വന്തം ലേഖകൻ


ദമാം: സൗദി അറേബ്യയിലെ ഇരുപത്തിയെട്ടാമത്  ലുലു ഹൈപ്പർ മാർക്കറ്റ്  ദമ്മാം സൈഹത്തിൽ ഖാത്തിഫ് ഗവർണർ ഇബ്രാഹിം അൽ ഖോറായഫ് ഉദ്ഘാടനം ചെയ്തു. 

133,000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ നിർമ്മിച്ച ഹൈപ്പർമാർക്കറ്റിൽ ഗ്രോസറി, ഫ്രഷ് ഫുഡ്, ഗാർഹിക ഉൽപ്പന്നങ്ങൾ, ഡിപ്പാർട്ട് മെൻ്റ് സ്റ്റോർ, ലുലു കണക്ട് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രാദേശിക ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി പ്രത്യേക വിഭാഗവും സജ്ജമാക്കിയിട്ടുണ്ട്.

സൗദി അറേബ്യയിൽ കിഴക്കൻ പ്രവിശ്യയിൽ പുതിയ ഹൈപ്പർമാർക്കറ്റ് ആരംഭിക്കാനായതിൽ ഏറെ  സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. സല്‍മാന്‍ രാജവിന്റെയും പ്രധാനമന്ത്രിയും കിരീടവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജാവിന്റെയും നേതൃത്വത്തിലുള്ള സൗദി ഭരണ നേതൃത്വം രാജ്യത്തെ യുവതയെ ശാക്തീകരിക്കുന്നതിനും കാര്‍ഷിക രംഗം , വ്യാപാര രംഗം  , ആഹാര ലഭ്യത തുടങ്ങിയ മേഖലകളില്‍ നിക്ഷേപം നടത്തുന്നതിനും ധീരമായ നടപടികളാണ് സ്വീകരിച്ചിട്ടുളത്. വിഷൻ 2030 യുടെ ഭാഗമായി രാജ്യത്ത് നിക്ഷേപകർക്ക് മികച്ച പിന്തുണയാണ് സൗദി ഭരണാധികാരികളിൽ നിന്നും ലഭിക്കുന്നത്.  


100 ലുലു ഹൈപ്പർ മാർക്കറ്റുകൾ എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതികളാണ് സൗദി അറേബ്യയിൽ  ഇപ്പോൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.  ഇതോടൊപ്പം രാജ്യത്തെ ഏറ്റവും വലിയ ലോജിസ്റ്റിക്സ് സെൻ്ററിൻ്റെ നിർമ്മാണ പ്രവർത്തനനങ്ങൾ  കിംഗ് അബ്ദുല്ല എക്കണോമിക് സിറ്റിയിൽ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

സൗദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ   പ്രവാസി മലയാളി സമൂഹത്തിൽ നിന്നും   ലഭിക്കുന്ന  മികച്ച പിന്തുണക്കും സഹകരണത്തിനും ഏറെ നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.   ഹൈപ്പർമാർക്കറ്റുകളുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതൊടെ കൂടുതൽ മലയാളികൾക്ക് തൊഴിൽ ലഭ്യമാക്കുമെന്നും യൂസഫലി   പറഞ്ഞു. എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ്, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
.

Share this Article