കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
ഒരിടത്തേക്കും ഒളിച്ചോടി പോയതല്ലെന്ന് മോഹൻലാൽ
ന്യൂസ് ഡെസ്ക്
പവർ ഗ്രൂപ്പിനെ കുറിച്ച് താൻ ആദ്യമായാണ് കേട്ടത്
എന്തിനും ഏതിനും അമ്മയല്ല മറുപടി പറയേണ്ടത്
മലയാള സിനിമയെ തകർക്കുന്ന നിലയിലേക്ക് കാര്യങ്ങൾ കൊണ്ടുപോകരുത്
തിരുവനന്തപുരം: താൻ ഒരിടത്തേക്കും ഒളിച്ചോടി പോയതല്ലെന്ന് മോഹൻലാൽ. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റിപ്പോർട്ടുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്കുള്ള അറിവ് മാത്രമേ തനിക്കുമുള്ളൂ. പവർ ഗ്രൂപ്പിനെ കുറിച്ച് താൻ ആദ്യമായാണ് കേട്ടത്. എന്തിനും ഏതിനും അമ്മയല്ല മറുപടി പറയേണ്ടത്. മലയാള സിനിമയെ തകർക്കുന്ന നിലയിലേക്ക് കാര്യങ്ങൾ കൊണ്ടുപോകരുതെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തിപരമായ കാരണങ്ങളാൽ കേരളത്തിലുണ്ടായിരുന്നില്ലെന്നും അതിനാലാണ് പ്രതികരണം വൈകിയതെന്നും അദ്ദേഹം പറഞ്ഞു. ഭാര്യയുടെ ശസ്ത്രക്രിയയും ബറോസിൻ്റെ പ്രവർത്തനങ്ങളുമായി തിരക്കിലായിരുന്നു. തൻ്റെ സിനിമകളുടെ റിലീസ് മാറ്റിവച്ചു. ഇപ്പോൾ അതിൻ്റെ സമയമല്ലെന്ന് മനസിലാക്കിയാണ് തീരുമാനം. സിനിമ സമൂഹത്തിൻ്റെ ഭാഗമാണ്. മറ്റെല്ലായിടത്തും സംഭവിക്കുന്ന കാര്യങ്ങൾ ഇവിടെയും സംഭവിക്കുന്നു. അമ്മ ട്രേഡ് യൂണിയനല്ല. അത് അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി തുടങ്ങിയ സംഘടനയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മറുപടി പറയേണ്ടത് സിനിമാ രംഗം ആകെയാണ്. എന്തിനും ഏതിനും കുറ്റപ്പെടുത്തുന്നത് അമ്മയെയാണ്. ഏറ്റവും കൂടുതൽ ചോദ്യ ശരങ്ങൾ വരുന്നത് തനിക്കും അമ്മയ്ക്കും നേരെയാണ്. ഈ സാഹചര്യത്തിൽ അഭിഭാഷകരോട് അടക്കം സംസാരിച്ചാണ് അമ്മയുടെ ചുമതലകളിൽ നിന്ന് രാജിവെച്ചതെന്നും മോഹൻലാൽ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉത്തരം പറയേണ്ടത് അമ്മയല്ല. അമ്മയ്ക്ക് അംഗങ്ങൾക്ക് പെൻഷൻ കൊടുക്കാനുണ്ട്, ഇൻഷുറൻസ് കൊടുക്കാനുണ്ട്, വീടുകൾ നിർമ്മിച്ച് നൽകാനുണ്ട്, മെഡിക്കൽ ക്യാംപുകൾ സംഘടിപ്പിക്കുന്നുണ്ട്. അതൊന്നും നിർത്തിവച്ചിട്ടില്ല. ഗൂഗിൾ മീറ്റ് വഴി എല്ലാ ഭാരവാഹികളുടെയും അനുമതി വാങ്ങിയിട്ടാണ് രാജി തീരുമാനം പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മലയാള സിനിമാ വ്യവസായം തകരാൻ പോവുന്ന സ്ഥിതിയാണ്. താൻ അഭിനയത്തിലേക്ക് വന്നപ്പോൾ ഒരു സൗകര്യവും ഉണ്ടായില്ല. ഒരുപാട് നല്ല താരങ്ങളുള്ള വ്യവസായ രംഗമാണ്. മലയാള സിനിമയിലേക്ക് ഫോക്കസ് ചെയ്ത് ഈ മേഖലയെ ആകെ തകർക്കരുത്. സർക്കാരും പൊലീസും കുറ്റക്കാർക്കെതിരെയുണ്ട്. കോടതി വരെ എത്തി നിൽക്കുന്ന വിഷയമാണ് ഇത്. പതിനായിരക്കണക്കിന് പേർ ജോലി ചെയ്യുന്ന വ്യവസായ രംഗമാണിതെന്നും അദ്ദേഹം പറഞ്ഞു.
അമ്മയിലെ രാജി തോൽവിയോ ഒളിച്ചോട്ടമോയല്ല. ആരോപണങ്ങൾ അനാവശ്യമായി തങ്ങളിലേക്ക് വരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒരുപാടധികം നിർദ്ദേശങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ കമ്മിറ്റി നല്ല കാര്യമായാണ് തോന്നുന്നത്. ഈ സിനിമാ മേഖലയെ നല്ല നിലയിൽ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്നതാണ് നിർദ്ദേശം. ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടായാൽ അത് പൊലീസിലേക്ക് അറിയിക്കുക. ഒരു സംഘടന മാത്രം ക്രൂശിക്കപ്പെടുന്നത് ശരിയല്ല. മറ്റ് ഭാഷകളിൽ നിന്ന് വിളിച്ച് അന്വേഷിച്ചവരോട് ഹേമ കമ്മിറ്റിക്ക് സമാനമായ പഠന സംവിധാനം അവിടെയും ഉണ്ടാക്കാൻ നിർദ്ദേശിച്ചു.
എല്ലാവർക്കും തുല്യനീതി ഉറപ്പാക്കണം. താനൊരാൾ വിചാരിച്ചാൽ നിയമം മാറ്റാൻ സാധിക്കില്ല. ഈ പ്രതിസന്ധിയെ മറികടന്ന് മലയാള സിനിമാ മേഖലയെ പുനർ നിർമ്മിച്ച് എടുക്കണം. ജൂനിയർ ആർടിസ്റ്റുകൾക്ക് അസോസിയേഷൻ ഉണ്ടാകണം. നിയമ നിർമ്മാണ സമിതിയുണ്ടാകും. താരങ്ങൾ സെൻ്റിമെൻ്റലാണ്. വളരെയധികം സങ്കടമുണ്ട്. അമ്മയുടെ പ്രസിഡൻ്റ് എന്ന നിലയിലല്ല. ഏറെക്കാലം മലയാള സിനിമയുടെ ഭാഗമായി നിൽക്കുന്നയാളെന്ന നിലയിലാണ് പ്രതികരിക്കുന്നത്. ഇതൊരു വലിയ ദേശീയ അന്തർദേശീയ വാർത്തയായി മലയാള സിനിമാ രംഗം തകരാൻ കാരണമാവരുതെന്നും മോഹൻലാൽ പറഞ്ഞു.
തൻ്റെ കൈയ്യിൽ ചോദ്യത്തിന് ഉത്തരങ്ങളില്ല. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ താനെന്താണ് പ്രതികരിക്കേണ്ടത്? ഈ പരാതികൾ ഇനി സംഭവിക്കാതിരിക്കാനുള്ള ശ്രമം ഇനി ഉണ്ടാകണം. ഒരു ദിവസം കൊണ്ട് എങ്ങനെയാണ് നിങ്ങൾക്ക് ഞങ്ങൾ അന്യരായി പോകുന്നത്? താരങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയാണ് അമ്മ സംഘടനയുണ്ടാക്കിയത്. ഞങ്ങളുടെ കൂടെ നിങ്ങളും നിൽക്കൂ, നിങ്ങളുടെ കൂടെ ഞങ്ങളും നിൽക്കാം. നല്ല കാര്യത്തിനായാൽ ഞങ്ങൾ സഹകരിക്കും. ഡബ്ല്യുസിസി, അമ്മ എന്നതെല്ലാം ഒഴിവാക്കൂ. എന്നിട്ട് മലയാള സിനിമയെ കുറിച്ച് മാത്രം സംസാരിക്കൂ. അമ്മ മാത്രമല്ല, ഒരുപാടധികം സംഘടനകളുണ്ട്. അവരുടെയെല്ലാം കാര്യത്തിൽ സംസാരിക്കൂ. മുഖമറിയാത്ത പരിചയമില്ലാത്ത കുറേയധികം കാര്യങ്ങൾ പലയിടത്ത് നിന്നും കേട്ടു. എന്താണ് നടന്നതെന്ന് അറിയില്ല. മലയാള സിനിമയിൽ 21 ഓളം സംഘടനകളുണ്ട്. അതിലൊന്നും അറിയിക്കാതെ അമ്മയോട് പ്രതികരണം ചോദിച്ചാൽ എന്താണ് പറയുക? താൻ പവർ ഗ്രൂപ്പിൽ പെട്ടയാളല്ല. അങ്ങനെയൊരു കാര്യം താൻ ആദ്യമായാണ് കേട്ടതെന്നും മോഹൻലാൽ പറഞ്ഞു. റിപ്പോർട്ടുകളിൽ പറയുന്ന കാര്യങ്ങളിൽ മാധ്യമങ്ങൾക്കുള്ള അറിവ് മാത്രമേ തനിക്കുമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
.
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.