പി വി അൻവറുമായുള്ള ഫോൺ സംഭാഷണം; എസ്പി സുജിത് ദാസിനെതിരെ നടപടി വന്നേക്കും

ന്യൂസ് ഡെസ്ക്





ഫോൺ സംഭാഷണം പുറത്തായതിന് പിന്നാലെ എസ്പി സുജിത് അവധിയിൽ പ്രവേശിച്ചു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുടെ കാര്യങ്ങളെല്ലാം നടത്തിക്കൊടുക്കുന്നതിനാൽ അജിത് കുമാർ പൊലീസിൽ സർവശക്തനാണ് എന്ന് സുജിത് ദാസ് അൻവർ എംഎൽഎയുമായുള്ള ഫോൺ സംഭാഷണത്തിൽ പറയുന്നു


തിരുവനന്തപുരം: പി വി അൻവർ എംഎൽഎയുമായി നടത്തിയ ഫോൺ സംഭാഷണം പുറത്തായതിന് പിന്നാലെയാണ് എസ്പി സുജിതിനെതിരെ നടപടിക്ക് സാധ്യത. എഡിജിപി എം ആർ അജിത് കുമാറിനെതിരെ പി വി അൻവർ എംഎൽഎയോട് എസ്‍പി ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്. സർക്കാറിനും ആഭ്യന്തര വകുപ്പിനും ഫോൺ സംഭാഷണം തലവേദനയായതോടെ സസ്പെൻഷൻ നൽകി മുഖം രക്ഷിക്കാനാണ് ആഭ്യന്തര വകുപ്പ് ശ്രമിക്കുന്നത്. 

ഇതിനിടെ പത്തനംതിട്ട എസ്പി സുജിത് ദാസ് അവധിയിൽ പ്രവേശിച്ചു. മൂന്ന് ദിവസത്തേക്കാണ് അവധി. പി വി അൻവർ എംഎൽഎയുമായി നടത്തിയ ഫോൺ സംഭാഷണം പുറത്തായതിന് പിന്നാലെയാണ് എസ്പി സുജിത് അവധിയിൽ പ്രവേശിച്ചത്. 

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുടെ കാര്യങ്ങളെല്ലാം നടത്തിക്കൊടുക്കുന്നതിനാൽ അജിത് കുമാർ പൊലീസിൽ സർവശക്തനാണ് എന്ന് സുജിത് ദാസ് അൻവർ എംഎൽഎയുമായുള്ള ഫോൺ സംഭാഷണത്തിൽ പറയുന്നു. എല്ലാ ബിസിനസുകാരും അജിത്കുമാറിന്റെ സുഹൃദ്‌ വലയത്തിലാണെന്ന് അൻവർ പറയുമ്പോൾ സുജിത് ദാസ് അത് ശരിവയ്ക്കുന്നുമുണ്ട് ഓഡിയോയിൽ.

അതേസമയം, പി വി അൻവർ എംഎൽഎ നടത്തിയ അഴിമതി ആരോപണത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഇന്ന് വകുപ്പുതല അന്വേഷണവും നടപടിയും ഉണ്ടായേക്കും എന്നാണ് സൂചന. എഡിജിപിഎം ആർ അജിത്ത് കുമാർ, പത്തനംതിട്ട എസ്.പി സുജിത്ത് ദാസ് എന്നിവർക്കെതിരെ വലിയ സാമ്പത്തിക ആരോപണമാണ് പി വി അൻവർ ഉയർത്തിയത്. അതേസമയം, പിവി അൻവർ എംഎൽഎയുമായുള്ള ശബ്ദ സന്ദേശം പുറത്ത് വന്നതിന് പിന്നാലെ എഡിജിപിക്കും സുജിത്തിനുമെതിരെ ഡിജിപിക്ക് പരാതികൾ ലഭിച്ചിട്ടുണ്ട്.  വിവാദങ്ങൾക്ക് പിന്നാലെ എഡിജിപിയെ കാണാൻ ശ്രമിച്ച എസ്‍പി സുജിത്തിന് അനുമതി നൽകിയിട്ടില്ല. എഡിജിപി എംആർ അജിത്ത് കുമാറിൻറെ ഓഫീസിൽ ഇന്നലെ സുജിത് ദാസ് എത്തിയെങ്കിലും അനുവാദം നൽകിയില്ല. 

ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഭരണ പക്ഷ എംഎൽഎയുടെ പരസ്യമായ അഴിമതി ആരോപണം സർക്കാരിനെ പ്രത്യേകിച്ച് ആഭ്യന്തര വകുപ്പിനെ വല്ലാതെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സിപിഎം ജില്ലാ നേതൃത്വം പി വി അൻവറിനെ വിളിച്ചുവരുത്തി സംസാരിച്ചെങ്കിലും പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൂടുതൽ ആരോപണങ്ങൾ ഉന്നയിക്കുകയാണ് അദ്ദേഹം ചെയ്തത്. എഡിജിപി എം ആർ അജിത്ത് കുമാറിനെതിരെ രണ്ട് കോടിയുടെ അഴിമതിയും സുജിത്ത് ദാസ് ഐപിഎസിനെതിരെ പൊലീസ് ക്യാമ്പ് ഓഫീസിലെ മരം മുറിച്ചുകടത്തിയെന്ന ആരോപണവുമാണ് പി വി അൻവർ എംഎൽഎ ഉന്നയിക്കുന്നത്.
.

Share this Article