ദുബൈ കെ.എം.സി.സി 'ഇഷ്‌ഖേ ഇമാറാത്ത്' 12ന്

സ്വന്തം പ്രതിനിധി



◼️അൽ നാസർ ലൈഷർ ലാൻഡിലാണ് പ്രോഗ്രാം

ദുബൈ: ദുബൈ കെ.എം.സി.സി ഈദ് മെഗാ ഇവന്‍റ് 'ഇഷ്‌ഖേ ഇമാറാത്ത്' ഈ മാസം 12 നു അൽ നാസർ ലൈഷർ ലാൻഡിൽ വൈകീട് 7 മണി മുതൽ അരങ്ങേറും. പ്രശസ്ത സാഹിത്യകാരൻ പി.സുരേന്ദ്രന് അവാർഡ് സമ്മാനിക്കും. യു.എ.ഇ അമ്പത് വർഷം ആഘോഷിക്കുന്ന പാശ്ചാത്തലത്തിൽ ദുബായ് കെ.എം.സി.സി സംഘടിപ്പിച്ച അമ്പതിന പരിപാടികളുടെ ഭാഗമായി കൂടിയാണ് കലാസാഹിത്യ വിഭാഗമായ സർഗധാരയുടെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിക്കുന്നത്. സാഹിത്യ അവാർഡ് സമർപ്പണം, സാംസ്‌കാരിക സമ്മേളനം, സർഗധാരകലാകാരന്മാരുടെ കലാപരിപാടികൾ, പ്രശസ്ത ഗായകരുടെ ഗാന വിരുന്ന്, പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കൽ തുടങ്ങി വിവിധ പരിപാടികൾ ഇതോടനുബന്ധിച്ച് നടക്കും.
സാഹിത്യകാരൻ പി.സുരേന്ദ്രന് ദുബായ് കെ.എം.സി.സിയുടെ രണ്ടാമത് സാഹിത്യ പുരസ്‌കാരം ചടങ്ങിൽ സമ്മാനിക്കും. ഒപ്പം പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കുകയും ചെയ്യും. അര നൂറ്റാണ്ടിലേറെക്കാലം കഥാപ്രസംഗ രംഗത്ത് ശോഭിച്ച് വിശ്രമ ജീവിതം നയിക്കുന്ന റംലാബീഗത്തെ കോഴിക്കോട്ട് വെച്ച് ആദരിക്കാനുള്ള പ്രഖ്യാപനവും ഈ പരിപാടിയുടെ ഭാഗമായി നടത്തും.
മാപ്പിളപ്പാട്ട് രംഗത്തെ പ്രതിഭാധനായ വ്യക്തിത്വം അഷ്റഫ് പയ്യന്നൂരിനെയും ചടങ്ങിൽ ആദരിക്കും പ്രമുഖ ഗായകരായ അൻവർ സാദത്ത്, യുംന അജിൻ, സജ്‌ല സലീം, ആദിൽ അത്തു, ബെൻസീറ, സാദിഖ് പന്തല്ലൂർ, യൂസുഫ് കാരക്കാട്, ഷംസാദ് പട്ടുറുമാൽ തുടങ്ങിയവർ നയിക്കുന്ന ഇശൽ സന്ധ്യയും നടക്കും. സർഗധാര പ്രസിദ്ധീകരിക്കുകയും, ഷാർജ ബുക്ക് ഫെയറിൽ പ്രകാശനം ചെയ്യാൻ ഉദ്ദേശിക്കുന്ന പുസ്തകങ്ങളുടെ പ്രഖ്യാപനവും ഈ പരിപാടിയിൽ ഉണ്ടാകും.
വാർത്താസമ്മേളത്തില്‍ ചെയർമാൻ ഇബ്രാഹീം എളേറ്റിൽ, ജനറൽ കൺവീനർ മുസ്തഫ തിരൂർ, സർഗ ധാര ചെയർമാൻ അശ്റഫ് കൊടുങ്ങല്ലൂർ, കൺവീനർ നജീബ് തച്ചംപോയിൽ, ഒ.കെ. ഇബ്രാഹീം മുസ്തഫ വേങ്ങര, ഇ സി എച്ച് സി ഇ ഓ തമീം അബൂബക്കർ, റഈസ് തലശ്ശേരി എന്നിവർ പങ്കെടുത്തു.
.

Share this Article