നിപ: ഗുരുതര പട്ടികയിൽ 101 പേര്‍

സ്വന്തം ലേഖകൻ


13 പേരുടെ സ്രവം ഇന്ന് പരിശോധിക്കും 

സമ്പര്‍ക്കപ്പട്ടികയില്‍ 350 പേര്‍


കോഴിക്കോട്: നിപാ ബാധിതനായി മരിച്ച പതിനാലുകാരന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള 13 പേരുടെ സ്രവം തിങ്കളാഴ്ച പരിശോധിക്കും. രണ്ട് പാലക്കാട് സ്വദേശികളും നാല് തിരുവനന്തപുരം സ്വദേശികളും ഇതില്‍ ഉള്‍പ്പെടും. 

കുട്ടിയുമായി കോഴിക്കോട്ടെ ആശുപത്രിയില്‍വച്ചാണ് നാല് തിരുവനന്തപുരം സ്വദേശികള്‍ സമ്പര്‍ക്കത്തിലായത്. ഒമ്പതുപേരുടേത് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ലാബില്‍നിന്നും നാലുപേരുടേത് തിരുവനന്തപുരത്തെ വൈറോളജി ലാബില്‍നിന്നുമാണ് പരിശോധിക്കുന്നത്.

കോഴിക്കോട്ടുനിന്ന് പരിശോധിക്കുന്ന ഒമ്പതുപേരില്‍ കുട്ടിയുടെ മാതാപിതാക്കളുമുണ്ട്. ഇവര്‍ക്ക് ലക്ഷണങ്ങളില്ല. പാലക്കാട് സ്വദേശികളുടെ സ്രവവും ഇവിടെയാണ് പരിശോധിക്കുന്നത്. ഉച്ചയോടെ ഫലം പുറത്തുവരും. കുട്ടിയുടെ റൂട്ട് മാപ്പ് നവീകരിച്ചിട്ടുണ്ട്.  നിലവില്‍ 350 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. 68 ആരോഗ്യപ്രവര്‍ത്തകരാണ്. 101 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലാണ്.

പനി ബാധിച്ച ആദ്യനാളില്‍ കുട്ടി ട്യൂഷന്‍ സെന്ററിലേക്ക് സഞ്ചരിച്ച ബസ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ യാത്രചെയ്തവരെയും നിരീക്ഷണത്തിലാക്കും. ഐസിഎംആര്‍ സംഘം നിലവില്‍ കോഴിക്കോട് എത്തി. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയും സന്ദര്‍ശിക്കും. പൂണെ എന്‍ഐവിയുടെ ബാറ്റ് സര്‍വൈലന്‍സ് ടീമും സംസ്ഥാനത്തെത്തും.

മലപ്പുറം തുവ്വൂരില്‍ പനിയുണ്ടായിരുന്ന യുവാവ് മരിച്ചതിന്റെ കാരണം പരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മൃഗങ്ങളുടെ സാമ്പിളുകള്‍ എടുക്കും. മരിച്ച കുട്ടിയുടെ സഹപാഠികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കും. 

അതിനിടെ നിപ സ്ഥിരീകരിച്ച് മരിച്ച കുട്ടിയുടെ വിശദമായ പുതിയ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തിറക്കി. പുതിയ റൂട്ട് മാപ്പില്‍ പ്രതിപാദിച്ച സ്ഥലങ്ങളില്‍ ഈ സമയങ്ങളില്‍ ഉണ്ടായിരുന്നവര്‍ ആരോഗ്യ വകുപ്പിന്റെ നിപ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കണമെന്നും നിര്‍ദേശിച്ചു.
.

Share this Article