അറുതിയാകുമോ, ഈ വിഷം കുത്തിവെപ്പിന് ?

നാഷിഫ് അലിമിയാൻ


പെരിയാർ: പർവതനിരയുടെ പനിനീരോ, കണ്ണീരോ?    ഭാ​ഗം-8

പെരിയാറിലെ ജലസമൃദ്ധി കണ്ട് തീരത്തെ ഏലൂർ-എടയാർ ഭാഗത്ത് 1943ൽ ഇന്ത്യൻ അലുമിനിയം കമ്പനിയുടെ വ്യവസായശാല ഉയർന്നതോടെയാണ് കൊച്ചിയിലെ വ്യവസായ മേഖലയായി പെരിയാർ തീരം മാറിയത്. പിന്നാലെ എഫ്.എ.സി.ടി, ടി.സി.സി, ഐ.ആർ.ഇ, എച്ച്.ഐ.എൽ, ബിനാനി സിങ്ക്, പെരിയാർ കെമിക്കൽസ്, സുഡ്കെമി, സി.എം.ആർ.എൽ, മെർക്കം, കൈരളി ലെതർ ഇന്റസ്‍ട്രീസ്, യോമൻ ബോൺ ആന്റ് അലൈഡ് പ്രൊഡക്ട് തുടങ്ങി അതിവേഗത്തിലാണ് വ്യവസായ ശാലകൾ തീരം ലക്ഷ്യമാക്കി എത്തിയത്. നാല് വർഷം മുമ്പ് പ്രവർത്തനം നിർത്തിയ ശ്രീലക്ഷ്മി പേപ്പർ നിൽസ്, മെർക്കം കമ്പനി, ബിനാനി സിങ്ക് എന്നീ കമ്പനികളൊഴികെ മറ്റെല്ലാ സ്ഥാപനങ്ങളും പഴയതുപോലെ ഒരുപക്ഷേ പഴയതിലും ഉല്പാദനശേഷി വർധിപ്പിച്ചു ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്

ഉത്ഭവസ്ഥാനത്തു നിന്ന് ഒഴുകിത്തുടങ്ങി പെരിയാർ അറബിക്കടലിലേക്ക് പതിക്കുന്നതിെൻറ അന്ത്യപാദം കൊച്ചിയാണ്. അക്ഷരാർത്ഥത്തിൽ ‘പെരിയാറിെൻറ ഒടുക്കം’ കാണുന്ന പ്രദേശമായാണ് ഇന്ന് ആലുവയും കൊച്ചിയും അറിയപ്പെടുന്നത്. 18ഓളം ജലവൈദ്യുത വിതരണ പദ്ധതികളുള്ള, 50 ലക്ഷം കൊച്ചിക്കാർക്ക് കുടിവെള്ളം നൽകുന്ന പെരിയാർ, നീരുറവകൾ നാമ്പെടുക്കുന്ന കിഴക്കൻ മലയോരങ്ങളിലെ കുടിയേറ്റവും വനനശീകരണവും കീടനാശിനി പ്രയോഗങ്ങളും മൂലമാണ് ആദ്യം ക്ഷയിച്ചതെങ്കിൽ, നാശം പൂർത്തിയാക്കുന്നത് അന്ത്യപാദത്തിലെ വ്യവസായശാലകളിലെ വിഷവാഹിനിയായ രാസമാലിന്യങ്ങളാണെന്ന കാര്യം അറിയാത്തവരായി ആരുമുണ്ടാകില്ല. പെരിയാറിലെ ജലസമൃദ്ധി കണ്ട് തീരത്തെ ഏലൂർ-എടയാർ ഭാഗത്ത് 1943ൽ ഇന്ത്യൻ അലുമിനിയം കമ്പനിയുടെ വ്യവസായശാല ഉയർന്നതോടെയാണ് കൊച്ചിയിലെ വ്യവസായ മേഖലയായി പെരിയാർ തീരം മാറിയത്. പിന്നാലെ എഫ്.എ.സി.ടി, ടി.സി.സി, ഐ.ആർ.ഇ, എച്ച്.ഐ.എൽ, ബിനാനി സിങ്ക്, പെരിയാർ കെമിക്കൽസ്, സുഡ്കെമി, സി.എം.ആർ.എൽ, മെർക്കം, കൈരളി ലെതർ ഇന്റസ്‍ട്രീസ്, യോമൻ ബോൺ ആന്റ് അലൈഡ് പ്രൊഡക്ട് തുടങ്ങി അതിവേഗത്തിലാണ് വ്യവസായ ശാലകൾ തീരം ലക്ഷ്യമാക്കി എത്തിയത്. നാല് വർഷം മുമ്പ് പ്രവർത്തനം നിർത്തിയ ശ്രീലക്ഷ്മി പേപ്പർ നിൽസ്, മെർക്കം കമ്പനി, ബിനാനി സിങ്ക് എന്നീ കമ്പനികളൊഴികെ മറ്റെല്ലാ സ്ഥാപനങ്ങളും പഴയതുപോലെ ഒരുപക്ഷേ പഴയതിലും ഉല്പാദനശേഷി വർധിപ്പിച്ചു ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. 



നേരത്തെ വ്യവസായ ശാലകൾക്ക് ഉപയോഗിക്കുന്നതിനും, ഉപയോഗശേഷമുണ്ടാകുന്ന മലിനജലം നദിയിലേക്ക് തന്നെ ഒഴുക്കി കളയുമ്പോൾ അത് വിഷരഹിതമായി നേർപ്പിക്കുവാനും വേണ്ടുവോളം ജലം പെരിയാറിലുണ്ടായിരുന്നു. എന്നാൽ പിന്നീട് വ്യവസായ ശാലകളുടെ എണ്ണം വർധിക്കുകയും അവയുടെ ഉപയോഗജലം പതിന്മടങ്ങ് ഉയരുകയും മലിനജലം അളവറ്റതാകുകയും ചെയ്‍തതോടെ പെരിയാറിന്റെ മലിനീകരണം നിരന്തര പ്രശ്‍നമായി. ഒരു കാലത്ത് വ്യവസായങ്ങളെ പെരിയാറിന്റെ തീരത്തേയ്‍ക്കു ക്ഷണിച്ച സർക്കാറിന് തന്നെ പിന്നീട് ഇതു തലവേദനയായി. ഇന്ന് പ്രതിദിനം ശരാശരി അഞ്ച്കോടി ലിറ്റർ മലിനജലമാണ് ഫാക്ടറികൾ പുറംതള്ളുന്നത്. മഴക്കാലത്ത് 2157 സെക്കൻഡിൽ ക്യുബിക് മീറ്റർ ഒഴുക്കുണ്ടായിരുന്ന പെരിയാറിൽ ഇന്ന് ഒൻപത് ക്യുബിക് മീറ്ററാണ് ഒഴുക്ക്, അതും ഭൂതത്താൻകെട്ട് ഇറിഗേഷൻ ഡാമിലെ ഷട്ടറുകൾ തുറക്കുമ്പോൾ മാത്രം. നദിയിൽ അണക്കെട്ടുകൾ ഏറിതോടെ വൈദ്യുതി ഉല്പാദിപ്പിക്കുമ്പോൾ മാത്രം വെള്ളം തുറന്നുവിടുന്ന സാഹചര്യമുണ്ടായി. എന്നാൽ വ്യവസായശാലകളുടെ പ്രവർത്തനസമയത്തിൽ യാതൊരു ക്രമീകരണവും ഏർപ്പെടുത്തിയതുമില്ല. അതുകൊണ്ടു തന്നെ ഒഴുക്കുനിലച്ച പുഴയിൽ അളക്കാനാവാത്ത അത്രയോളം മലിനജലം ഒഴുകി വന്നതോടെ, ശിരസ്സിൽ രാസമാലിന്യങ്ങളെ ഏറ്റുവാങ്ങി നെടുവീർപ്പിടുകയാണിന്ന് പെരിയാർ. 



കമ്പനികളുടെ ജലമൂറ്റലും മലിനജലം നിർബാധം പുറംതള്ളുന്നതും മുടക്കമില്ലാത്ത പ്രവൃത്തിയായതോടെ വഴിമുടങ്ങിയത് പെരിയാറിെൻറ പ്രയാണത്തിനായിരുന്നു. വ്യവസായശാലകൾ മലിനജലം ട്രീറ്റ് ചെയ്യാതെയും പാതി ട്രീറ്റ് ചെയ്‍തു വിട്ടും നിയമലംഘനം നടത്തി. ആസിഡും ആൽക്കലിയും കലർന്ന ജലം, ഘനലോഹ മലിനീകരണം, അമിതമായ പ്ലവകസസ്യ പ്രജനനം തുടങ്ങിയ പ്രശ്‍നങ്ങൾ മൂലം പെരിയാറിലെ ജലത്തിെൻറ മലിനീകരണ തോത് അനുദിനം കൂടിയതല്ലാതെ പിന്നീട് ഇന്നേവരെ കുറഞ്ഞതേയില്ല. വ്യവസായ ശാലകളിൽ മലിനജലം സംസ്കരിച്ച് പുഴയിലൊഴുക്കാനുള്ള ഔട്ട് ലെറ്റുകളുണ്ട്, മലിനീകരണ നിയന്ത്രണ ബോർഡ് അംഗീകരിച്ചവയാണിവ. എന്നാൽ അംഗീകാരമില്ലാത്ത ഔട്ട് ലെറ്റുകളാണ് പുഴയോട് ചേർന്നുള്ള ഭിത്തിയിൽ കൂടുതൽ. അവസരം കിട്ടുമ്പോഴെല്ലാം രാസമാലിന്യങ്ങൾ നദിയിലേക്ക് ഒഴുക്കികളയുന്നതിെൻറ അവശേഷിപ്പുകളുമേറെ കാണാം ഭിത്തികളിൽ. ഭിത്തിയിൽ മാത്രമല്ല, പെരിയാറിെൻറ ഇടനെഞ്ചിലേക്ക് കൊടിയ വിഷം ഒഴുക്കിവിടാൻ ഭൂമിക്കടിയിലുമുണ്ട് ‘ഭൂഗർഭ വിഷമാലിന്യ പൈപ്പുകൾ’. ഇതുവഴി പുഴയുടെ അടിത്തട്ടിലേക്ക് കുത്തിവെക്കുന്ന കൊടിയ വിഷത്തിന് കണക്കു പോലുമില്ലെന്നതാണ് യാഥാർത്ഥ്യം. 

 (അവസാനിച്ചു)
.

Share this Article