ഇവരാണ് കൊലയാളികളിലെ പ്രമുഖർ

നാഷിഫ് അലിമിയാൻ


പെരിയാർ: പർവതനിരയുടെ പനിനീരോ, കണ്ണീരോ? ഭാ​ഗം-6

കമ്പനിയെ എതിർക്കുന്നവരെ ഭരണസംവിധാനം ഉപയോഗിച്ചും പണം വാരിയെറിഞ്ഞും നിഷ്പ്രഭമാക്കാനും വ്യാജകേസുകളിൽ കുടുക്കാനും പ്രത്യേക ശ്രദ്ധയാണ് സി.എം.ആർ.എൽ പുലർത്തുന്നത്. പെരിയാർ സംരക്ഷണ സമിതി, പ്രദേശത്തെ പരിസ്ഥിതി പ്രവർത്തകർ എന്നിവർക്കെതിരെ നുറുകണക്കിന് വ്യാജകേസുകളാണ് കമ്പനി ഇതിനകം കൊടുത്തിട്ടുള്ളത്. പെരിയാറിലെ മാലിന്യം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമസംഘത്തെയും വ്യാജ പരാതി നൽകി കേസിൽ കുരുക്കാനുള്ള ശ്രമം നടത്തി. പെരിയാറിൽ വിഷം കുത്തവെച്ചവരിൽ മുൻപന്തിയിൽ നിൽക്കുന്ന ഇൗ കമ്പനിയെ വർഷംതോറും മലിനീകരണ നിയന്ത്രണ ബോർഡിെൻറ അവാർഡുകളും തേടിയെത്തുന്നുവെന്നതാണ് അതിലേറെ രസരകരം

കോമ്പൗണ്ടിനു ചുറ്റിലും സൂക്ഷ്മ ക്യാമറകൾ സ്ഥാപിച്ച് ഇലയനക്കം പോലും സദാ നിരീക്ഷിച്ച്, പഴുതടച്ച സുരക്ഷയൊരുക്കി സി.എം.ആർ.എൽ കമ്പനി പെരിയാറിെൻറ തെളിനീരുറവയിലേക്ക് പ്രതിദിനം തള്ളുന്നത് കോടിക്കണക്കിന് ലിറ്റർ രാസമാലിന്യങ്ങളാണ്. ധാതു വിഭവമായ ഇൽമനൈറ്റിൽ നിന്ന് സിന്തറ്റിക് റൂട്ടൈൽസ് നിർമിക്കുന്ന കമ്പനിയാണ് കൊച്ചിൻ മിനറൽ ആൻറ് റൂട്ടൈൽസ് ലിമിറ്റഡ് എന്ന സി.എം.ആർ.എൽ. സിന്തറ്റിക് റൂട്ടൈൽസ് നിർമാണത്തിലെ അവശിഷ്ടങ്ങളിലൊന്നായ ഫെറസ് ക്ലോറൈഡ് എന്ന അമ്ലത കൂടിയതും ഘനലോഹങ്ങൾ അടങ്ങിയതുമായ മാലിന്യമാണ് പെരിയാറിലെ കണ്ണാടി ജലത്തെ കറുപ്പും ചുവപ്പും നിറങ്ങളിൽ മാറി ഒഴുക്കുന്നത്. ഫെറസ് ക്ലോറൈഡ് വെള്ളത്തിലെ ഓക്സിജനുമായി പ്രവർത്തിക്കുമ്പോൾ നിറംമാറുകയും സൂര്യരശ്മിയുടെ തീക്ഷ്ണതക്കും ചിരവിനുമനുസരിച്ച് പലപ്പോഴും ചുവപ്പ്, ബ്രൗൺ നിറത്തിലൊഴുകുകയും ചെയ്യുന്നു. റൂട്ടൈൽസ് നിർമാണത്തിൽ പുറംതള്ളുന്ന സിമോക്സ് ഉയർന്ന അളവിൽ സിങ്ക്, മാംഗനീസ്, ക്രോമിയം ലെഡ് എന്നിവയടങ്ങിയതാണ്. പെരിയാറിൽ നിറംമാറ്റമുണ്ടായപ്പോൾ സംസ്ഥാന ശാസ്ത്ര-സാങ്കേതിക വകുപ്പ് ചുമതലപ്പെടുത്തിയതു പ്രകാരം കോഴിക്കോടുള്ള ജലവിഭവ വികസന മാനേജ്‌മെന്റ് കേന്ദ്രം (സി.ഡബ്ല്യൂ.ആർ.ഡി.എം) നടത്തിയ പഠനത്തിൽ ഇരുമ്പുസംയുക്തങ്ങളുടെ അധികരിച്ച സാന്നിധ്യമാണ് നിറം മാറ്റത്തിന് കാരണമെന്ന് കണ്ടെത്തിയിരുന്നു. അതിന്റെ പ്രഭവകേന്ദ്രം ഇൽമനൈറ്റ് സംസ്‌ക്കരിച്ച് സിന്തറ്റിക് റൂടൈൽ നിർമിക്കുന്ന സി.എം.ആർ.എൽ ഫാക്ടറിയാണെന്നും പഠനത്തിൽ വ്യക്തമാക്കിയിരുന്നു. 

കമ്പനിയെ എതിർക്കുന്നവരെ ഭരണസംവിധാനം ഉപയോഗിച്ചും പണം വാരിയെറിഞ്ഞും നിഷ്പ്രഭമാക്കാനും വ്യാജകേസുകളിൽ കുടുക്കാനും പ്രത്യേക ശ്രദ്ധയാണ് സി.എം.ആർ.എൽ പുലർത്തുന്നത്. പെരിയാർ സംരക്ഷണ സമിതി, പ്രദേശത്തെ പരിസ്ഥിതി പ്രവർത്തകർ എന്നിവർക്കെതിരെ നുറുകണക്കിന് വ്യാജകേസുകളാണ് കമ്പനി ഇതിനകം കൊടുത്തിട്ടുള്ളത്. പെരിയാറിലെ മാലിന്യം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമസംഘത്തെയും വ്യാജ പരാതി നൽകി കേസിൽ കുരുക്കാനുള്ള ശ്രമം നടത്തി. പെരിയാറിൽ വിഷം കുത്തവെച്ചവരിൽ മുൻപന്തിയിൽ നിൽക്കുന്ന ഇൗ കമ്പനിയെ വർഷംതോറും മലിനീകരണ നിയന്ത്രണ ബോർഡിെൻറ അവാർഡുകളും തേടിയെത്തുന്നുവെന്നതാണ് അതിലേറെ രസരകരം. 



 ‘രാസമാലിന്യ ബോംബാ’യി ബിനാനി സിങ്ക് 
 അടച്ചുപൂട്ടിയിട്ട് അഞ്ചുവർഷം കഴിഞ്ഞിട്ടും എപ്പോൾ വേണമെങ്കിലും ‘രാസമാലിന്യ ബോംബാ’യി ഇപ്പോഴും ആശങ്ക പരത്തുകയാണ് പെരിയാറിൽ വ്യാപകമായി ഘനലോഹങ്ങളും രാസമാലിന്യങ്ങളും തള്ളിയിരുന്ന ബിനാനി സിങ്ക് കമ്പനി. വിവിധ ടാങ്കുകളിലായി സൂക്ഷിച്ചിരിക്കുന്ന150 ടൺ വീര്യമേറിയ സൾഫ്യൂരിക് ആസിഡ്, ടാങ്കുകളിലും പൈപ്പുകളിലുമായി സംഭരിച്ച 9 ലക്ഷം ടൺ സിങ്ക് സൾഫേറ്റ്, 20 ഏക്കർ ഭൂമിയിലെ ആറു പോണ്ടുകളിലായി കിടക്കുന്ന ജെറോസൈറ്റ് മാലിന്യം എന്നിവ പെരിയാറിനും പരിസ്ഥിതിക്കും ഭീഷണിയുയർത്തുന്ന തരത്തിൽ ഉപേക്ഷിച്ചാണ് ബിനാനി സിങ്ക് എടയാർ വിട്ടത്. നീക്കം ചെയ്യാതെ കമ്പനി വളപ്പിൽ കൂട്ടിയിട്ടിരിക്കുന്ന രാസമാലിന്യങ്ങൾ പെരിയാറിലേക്ക് തന്നെയാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്. ടാങ്കുകളിൽ പൊട്ടിത്തെറിയുണ്ടായാൽ പെരിയാർ നാശോന്മുഖമാകുമെന്ന കാര്യത്തിൽ സംശയമില്ല. കമ്പനിയുടെ 5 കിലോമീറ്റർ ചുറ്റളവിലുള്ള ജലാശയങ്ങളെല്ലാം രാസമാലിന്യം കലർന്ന് ഉപയോഗശൂന്യമാണ്. പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളിലെല്ലാം രാസവിഷമാലിന്യങ്ങൾ പടർത്തി ജനത്തിെൻറ ദാഹജലം മുട്ടിച്ചുകൊണ്ടു തുടങ്ങിയ കമ്പനി, പ്രദേശത്തെ ഭൂഗർഭ ജലവും മലിനമാക്കിയതോടെ 500 വർഷക്കാലമെങ്കിലും പ്രദേശവാസികൾ കുടിവെള്ളം പണംകൊടുത്ത് വാങ്ങേണ്ട അവസ്ഥയുണ്ടാക്കിയാണ് അടച്ചുപൂട്ടിയത്. 

 മിൽ പൂട്ടിയിട്ടും മാലിന്യമൊഴുക്കിന് മുടക്കമില്ല 
 പാഴ്ക്കടലാസ് പൾപ്പാക്കി മാറ്റി അതിൽ നിന്ന് ക്രാഫ്റ്റ് പേപ്പറുകൾ നിർമിക്കുന്ന എടയാറിലെ ശ്രീശക്തി പേപ്പർ പെരിയാറിലേക്ക് നിലക്കാതെ മാലിന്യമൊഴുക്കിയാണ് പ്രവർത്തിച്ചിരുന്നത്. പൾപ്പ് ഉല്പാദനത്തിനു ശേഷം അവശിഷ്ടം വരുന്ന ദ്രാവകം അതേപടി പെരിയാറിലേക്ക് ഒഴുക്കലായിരുന്നു രീതി. മതിയായ മാലിന്യ ശുദ്ധീകരണ സംവിധാനം പോലുമില്ലാതെ പ്രവർത്തിച്ചിരുന്ന കമ്പനിക്ക് വർഷാവർഷം പെർമിറ്റ് പുതുക്കി നൽകിയതിന് മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനെതിരെ വിജിലൻസ് കേസു വരെയുണ്ടായിരുന്നു. അഞ്ച് വർഷം മുമ്പ് കമ്പനി പ്രവർത്തനം നിർത്തിയെങ്കിലും മാലിന്യമൊഴുക്ക് മാറ്റമില്ലാതെ ഇപ്പോഴും തുടരുകയാണ്. പൂട്ടിയ കമ്പനി വളപ്പിൽ 20 അടി ഉ‍യരത്തിൽ കുന്നുകൂടി കിടക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഇപ്പോഴും വലിയ കൂനയായി കമ്പനി വളപ്പിലുണ്ട്. ഇവ മാലിന്യമായി അടിഞ്ഞുകൂടി നേരെ പതിക്കുന്നത് പെരിയാറിലേക്കാണ്. 

മെർക്കം കമ്പനി 
റബ്ബർ അധിഷ്ടിത വ്യവസായമാണ്‌ തുടങ്ങിയതാണ് മെർക്കം കമ്പനി. റബ്ബർ വ്യവസായങ്ങൾക്ക് ആവശ്യമായ ആന്റി ഓക്സിഡന്റ്സും ആക്സിലറേറ്റേഴ്സും സോഡിയം ബൻഡോതയോസോൾ, എംബിഇഎസ്‌, എൻഎഎംബിടി, സിസിബിഎസ്‌, ടിക്യു തുടങ്ങിയ രാസവസ്തുക്കളാണ്‌ നിർമിച്ചിരുന്നത്. പെരിയാറിൽ മാലിന്യമൊഴുക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ടു തന്നെ കുപ്രസിദ്ധി നേടിയ കമ്പനിയാണിത്‌. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ നിരവധി പരാതികൾ നൽകിയിട്ടുണ്ടെങ്കിലും അതൊന്നും കണ്ടില്ലെന്ന മട്ടിലായിരുന്നു അധികൃതർ. രാസമാലിന്യ വാഹിനിയായ കുഴിക്കണ്ടംതോട്‌ ഈ കമ്പനിക്ക്‌ പുറകുവശത്തുകൂടിയാണ് ഒഴുകുന്നു. കമ്പനിയിലെ എല്ലാ മാലിന്യവും സംസ്ക്കരിക്കാതെ തന്നെയാണ് പെരിയാറിലേക്ക് ഒഴുക്കിക്കളയുന്നത്. ഇപ്പോൾ പ്രവർത്തിക്കുന്നില്ലെങ്കിലും പുറംതള്ളിയ മാലിന്യങ്ങൾ പെരിയാറിനെ ഇപ്പോഴും വിഷമയമാക്കുന്നതിന് അറുതിയായിട്ടില്ല. 

80ഓളം വ്യവസായ സ്ഥാപനങ്ങൾ ഏലൂരുണ്ട്‌. ഏലൂർ എടയാറിൽ] 280ഓളം രാസാധിഷ്ഠിത വ്യവസായങ്ങളും പ്രവർത്തിക്കുന്നു. വാർധക്യത്തിലേക്ക്‌ നീങ്ങുന്ന രാസവ്യവസായങ്ങളെളായിരുന്നു മുകളിൽ പറഞ്ഞവയെല്ലാം. ഗ്യാസ്‌ അധിഷ്ഠിത വ്യവസായങ്ങൾക്കൊപ്പം കാറ്റലിസ്റ്റ്‌, സിങ്ക്‌, മിനറൽസ് ആന്റ്‌ റൂട്ടിൽസ്‌ അടങ്ങിയ ഇതര വ്യവസായങ്ങളെല്ലാം കൂടിയാണ്‌ ഏലൂരിനെ ഒരു ഗ്യാസ്‌ ചേംബറാക്കുന്നത്‌. കാലം അതിവേഗം പുരോഗമിക്കുന്നു. അതിലപ്പുറം ശാസ്ത്ര സാങ്കേതികവിദ്യയും പുരോഗമിച്ചു. ലാഭവും നേട്ടങ്ങളും ആഗ്രഹിക്കുന്നവർശുദ്ധ വായുവും ശുദ്ധജലവും സമൂഹത്തിനാകെനിഷേധിക്കുന്നുവെന്നതാണ്‌ യാഥാർഥ്യം.

കുടിച്ച വെള്ളത്തെ എങ്ങനെ വിശ്വസിക്കും? 
കൊച്ചിക്കാർക്ക് വിശ്വസിച്ചു കുടിക്കാനാവില്ല, രാസവിഷം കലർന്ന കുടിവെള്ളം. അതേകുറിച്ച് നാളെ
.

Share this Article