യുഎഇയിലെ ആദ്യ ബാറ്ററി റീസൈക്‌ളിംഗ് പ്‌ളാന്റ് 'ദുബാറ്റ്' ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ


യുഎഇ മന്ത്രിമാരായ അബ്ദുല്ല അല്‍ മര്‍റി, ഡോ. അംന അല്‍ ദഹക്, മര്‍യം ബിന്‍ത് മുഹമ്മദ്, ഉമര്‍ അല്‍ സുവൈദി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ദുബൈ: യുഎഇയിലെ ആദ്യ പൂര്‍ണ സംയോജിത ബാറ്ററി റീസൈക്‌ളിംഗ് പ്‌ളാന്റായ 'ദുബാറ്റ്' ടീകോം ഗ്രൂപ്പിന്റെ ഭാഗമായ ദുബൈ ഇന്‍ഡസ്ട്രിയല്‍ സിറ്റി(ഡിഐസി)യില്‍ യുഎഇ മന്ത്രിമാരുടെയും ക്ഷണിക്കപ്പെട്ട പ്രമുഖ അതിഥികളുടെയും സാന്നിധ്യത്തില്‍ ഉദ്ഘാടനം ചെയ്തു. യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി, കാലാവസ്ഥാ വ്യതിയാന-പരിസ്ഥിതി കാര്യ മന്ത്രി ഡോ. അംന അല്‍ ദഹക്, യുഎഇ പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് ഹെഡ് മര്‍യം ബിന്‍ത് മുഹമ്മദ് സഈദ് അല്‍ ഹാരിബ് അല്‍ മിഹൈറി, വ്യവസായ-നൂതന സാങ്കേതിക കാര്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഉമര്‍ അല്‍ സുവൈദി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. ദുബൈ മുനിസിപ്പാലിറ്റി ജനറല്‍ എഞ്ചി. ദാവൂദ് അല്‍ ഹാജ്‌റി, ദുബായ് കോര്‍പറേഷന്‍ ഫോര്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ & ഫെയര്‍ ട്രേഡ് (സിസിപിഎഫ്ടി) സിഇഒ മുഹമ്മദ് ഷാഇല്‍ അല്‍ സഅദി, ദുബായ് സാമ്പത്തിക-വിനോദ സഞ്ചാര വകുപ്പ് (ഡിഇടി) സിഒഒ മുഹമ്മദ് ഷറഫ്, ലുലു ഗ്രൂപ് ഇന്റര്‍നാഷണല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പത്മശ്രീ ഡോ. എം.എ യൂസുഫലി, കേരള നിയമസഭാ പ്രതിപക്ഷ ഉപ നേതാവും മുന്‍ വ്യവസായ മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങി നൂറുകണക്കിന് പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു; മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ബിസിനസ് രംഗത്തെ പ്രമുഖരുമുള്‍പ്പെടെയുള്ള അതിഥികളെ ടീകോം ഗ്രൂപ് സിഇഒ അബ്ദുല്ല ബെല്‍ഹോള്‍, ദുബാറ്റ് ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍, ടീകോം ഗ്രൂപ് ഇന്‍ഡസ്ട്രിയല്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സൗദ് അബൂ അല്‍ ഷവാരീബ് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഉദ്ഘാടന ചടങ്ങിനിടെ ദുബാറ്റ് പ്‌ളാന്റ് വിപുലീകരണത്തിന് മൊത്തം നിക്ഷേപം 216 ദശലക്ഷം ദിര്‍ഹമായി ഉയര്‍ത്തിക്കൊണ്ടുള്ള മുസതഹ കരാറിലും ബന്ധപ്പെട്ടവര്‍ ഒപ്പുവച്ചു. സുസ്ഥിര വ്യാവസായിക-സാമ്പത്തിക വികസനം ഉത്തേജിപ്പിക്കാന്‍ യുഎഇ ഇന്‍ഡസ്ട്രിയല്‍ ഡീകാര്‍ബണൈസേഷന്‍ റോഡ് മാപ്, യുഎഇ സര്‍കുലര്‍ എകോണമി പോളിസി 2031, ദുബായ് ഇന്റഗ്രേറ്റഡ് വേസ്റ്റ് മാനേജ്‌മെന്റ് സ്ട്രാറ്റജി 2041 എന്നിവയുടെ ലക്ഷ്യങ്ങള്‍ക്ക് ഗതിവേഗം പകരുന്നതാണ് ഈ ഫാക്ടറി. ദുബാറ്റ് പ്‌ളാന്റില്‍ നിര്‍മിക്കുന്ന ഇന്‍ഗോട്ടുകള്‍ പുതിയ ബാറ്ററികള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കും. വ്യവസായ-നൂതന ടെക്‌നോളജി മന്ത്രാലയത്തിന്റെ ഓപറേഷന്‍ 300 ബില്യണ്‍ പ്രോഗ്രാമിന്റെ ലക്ഷ്യങ്ങള്‍ക്കനുസൃതമായി യുഎഇയുടെ സുസ്ഥിര അജണ്ടയെ മുന്നോട്ട് കൊണ്ടുപോകുന്ന ഒരു സര്‍കുലാര്‍ സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കാന്‍ ഇത് വഴിയൊരുക്കും. ദുബാറ്റില്‍ നിര്‍മിക്കുന്ന ബാറ്ററി ഉല്‍പന്നങ്ങള്‍ യുഎഇയില്‍ വില്‍ക്കുകയും; ജിസിസി, യൂറോപ്, പൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് കയറ്റിയയക്കുകയും ചെയ്യും. പ്രാദേശികമായി നിര്‍മിക്കുന്ന ഉല്‍പന്നങ്ങളുടെ വിതരണ ശൃംഖല ശക്തിപ്പെടുത്താനുള്ള 'മേക് ഇറ്റ് ഇന്‍ ദി എമിറേറ്റ്‌സ്' സംരംഭത്തെ ദുബാറ്റ് പിന്തുണക്കുന്നു. നൂതന സാങ്കേതിക വിദ്യയോടെയുള്ള ദുബാറ്റ് ഫാക്ടറിയുടെ ഉദ്ഘാടനം സര്‍കുലാര്‍ എകോണമി അജണ്ടയുടെ ലക്ഷ്യങ്ങളെ പിന്തുണക്കാനുള്ള സുപ്രധാന ചുവടുവയ്പ്പാണെന്ന് മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി പറഞ്ഞു. സര്‍കുലാര്‍ സാമ്പത്തിക മാതൃകയിലേക്കുള്ള യുഎഇയുടെ മാറ്റത്തെ പ്രേരിപ്പിക്കുന്ന ശ്രമങ്ങളിലൊന്നായി ഇതിനെ കാണാമെന്നും അദ്ദേഹം നിരീക്ഷിച്ചു. യുഎഇയില്‍ ഉല്‍പാദിപ്പിക്കുന്ന ബാറ്ററി മാലിന്യത്തി െന്റ 80% വരെ റീസൈക്കിള്‍ ചെയ്താണ് ലെഡ് ഇന്‍ഗോട്ടുകള്‍ നിര്‍മിക്കുന്നത്. മാസങ്ങള്‍ നീണ്ട പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ദുബാറ്റ് പ്‌ളാന്റിന്റെ ഉദ്ഘാടനം നടന്നത്. 50,000 ചതുരശ്ര അടി വിസ്തൃതിയില്‍ വിപുലീകരണമാകു ന്നതോടെ ദുബാറ്റിന്റെ വിറ്റുവരവ് 200 മില്യണ്‍ ദിര്‍ഹമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 3,600 മെട്രിക് ടണ്‍ ബാറ്ററി പ്‌ളാസ്റ്റിക്കിനും 5,000 മെട്രിക് ടണ്‍ ലിഥിയം ബാറ്ററികള്‍ക്കും 7000 മെട്രിക് ടണ്‍ ഇമാലിന്യത്തിനുമായുള്ള ഗ്രൈന്‍ഡിംഗ്, ഗ്രാന്യുലേഷന്‍ ലൈനുകള്‍ക്ക് പുറമെ, ലെഡ് ബില്ലറ്റുകള്‍, വയറുകള്‍, ലെഡ് ഷോട്ടുകള്‍ എന്നിവയ്ക്കായി സമര്‍പ്പിത ലൈനുകളും ഇവിടെയുണ്ടാകും. 96 ദശലക്ഷം ദിര്‍ഹമിന്റെ വിപുലീകരണം പൂര്‍ത്തിയാകുന്നതോടെ, ഫാക്ടറിയുടെ ലെഡ് ആസിഡ് ബാറ്ററി റീസൈക്‌ളിംഗ് ശേഷി പ്രതിവര്‍ഷം 75,000 മെട്രിക് ടണ്‍ ആയി ഉയരും..

Share this Article