നിരാലംബരായ കുട്ടികൾക്കായി ഈദ് ആഘോഷമൊരുക്കി ആസ്റ്റർ വോളണ്ടിയേഴ്‌സ്

സ്വന്തം ലേഖകൻ


ലാൻഡ്മാർക്ക് ഗ്രൂപ്പുമായി സഹകരിച്ച് സ്‌മൈൽ ഉദ്യമത്തിൽ നിരാലംബരായ കുട്ടികൾക്കായി രസകരമായ വിനോദ പ്രവർത്തനങ്ങളും, ഈദ് ഷോപ്പിങ്ങും സംഘടിപ്പിച്ചു. ആസ്റ്ററിന്റെ 'Kindness is a Habit' ഉദ്യമങ്ങളിലൊന്നായ ആസ്റ്റർ വോളണ്ടിയേഴ്‌സിന്റെ സ്മൈൽ പ്രോഗ്രാം, ഇത് അഞ്ചാമത്തെ വർഷമാണ് സംഘടിപ്പിച്ചുവരുന്നത്. 

 

ദുബൈ: ജിസിസിയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ സംയോജിത ആരോഗ്യ സേവന ശൃംഖലകളിലൊന്നായ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന്റെ ആഗോള സിഎസ്ആർ മുഖമായ ആസ്റ്റർ വോളണ്ടിയേഴ്‌സ് ലാൻഡ്മാർക്ക് ഗ്രൂപ്പുമായി സഹകരിച്ച് നിരാലംബരായ കുട്ടികൾക്കായി 'സ്‌മൈൽ 5.0'  എന്ന ഉദ്യമം സംഘടിപ്പിച്ചു. ഒയാസിസ് മാളിൽ സംഘടിപ്പിച്ച പരിപാടിയിലൂടെ എമിറേറ്റ്‌സ് റെഡ് ക്രസന്റിൽ നിന്നുള്ള 140 കുട്ടികൾക്ക് വിവിധ വിനോദ പരിപാടികളും, ഈദ് ഷോപ്പിങ്ങുമൊരുക്കി രസകരമായ ഒരു ദിവസമാണ് ആസ്റ്റർ വോളണ്ടിയേഴ്സ് സമ്മാനിച്ചത്. ദുബായ് ഒയാസിസ് മാളിൽ സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ കുട്ടികൾ മാളിലെ ഇൻഡോർ പ്ലേ ഏരിയ ആയ ഫൺ സിറ്റി സന്ദർശിച്ചു. തുടർന്ന് ഷോപ്പിങ്ങ് ടൂറും സംഘടിപ്പിക്കപ്പെട്ടു. ആസ്റ്റർ വോളണ്ടിയേഴ്‌സും ലാൻഡ്മാർക്ക് ഗ്രൂപ്പും സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.



 എല്ലാവരിലും സൗഹാർദ്ദത്തിന്റെയും ക്ഷേമത്തിന്റെയും മനോഭാവം വളർത്തുന്ന സ്മൈൽ ഉദ്യമത്തിലൂടെ നിർധനരായ കുട്ടികൾക്കായി ഈദ് ഏറെ സവിശേഷവും അർത്ഥപൂർണ്ണവുമാക്കാൻ വർഷങ്ങളായി ആസ്റ്റർ പരിശ്രമിച്ചുവരികയാണെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടർ അലീഷാ മൂപ്പൻ പറഞ്ഞു. സ്മൈൽ 5.0-എന്ന അനുകമ്പ നിറഞ്ഞ പ്രവൃത്തിയിലൂടെ ആസ്റ്റർ വോളണ്ടിയേഴ്‌സ് അർഹരായ കുട്ടികൾക്ക് മികച്ച മാനസികാരോഗ്യം പ്രദാനം ചെയ്യുന്നു. ഞങ്ങളുടെ ശ്രമങ്ങളിൽ എമിറേറ്റ്സ് റെഡ് ക്രസന്റും ലാൻഡ്മാർക്ക് ഗ്രൂപ്പും പങ്കാളിയാകുന്നതിൽ ഏറെ അഭിമാനിക്കുന്നു. നമുക്ക് ഒരുമയോടെ പ്രവർത്തിച്ചുകൊണ്ട് എല്ലാവരുടെയും പ്രിയപ്പെട്ട ഇടമാക്കി ഈ ലോകത്തെ മാറ്റാമെന്നും അലീഷാ മൂപ്പൻ വ്യക്തമാക്കി.



 അടുത്തിടെ, 36-ാം സ്ഥാപക ദിനത്തോടനുബന്ധിച്ചാണ് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ, ആസ്റ്റർ വോളണ്ടിയേഴ്‌സിന്റെ കീഴിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന 'Kindness is a Habit' കാമ്പെയ്ൻ പ്രഖ്യാപിച്ചത്. ഈ കാമ്പെയ്നിലൂടെ, ദയയും, അനുകമ്പയും ദൈനംദിന ശീലമായി സ്വീകരിക്കാൻ ലോകമെമ്പാടുമുള്ള ആളുകളെ ഗ്രൂപ്പ് പ്രോത്സാഹിപ്പിക്കുന്നു. ആസ്റ്റർ വോളണ്ടിയേഴ്‌സിന്റെ സ്മൈൽ പ്രോഗ്രാം, അതിന്റെ അഞ്ചാം വർഷത്തിലേക്ക് കടന്നിരിക്കുന്നു. ആസ്റ്ററിന്റെ നേതൃത്വത്തിൽ പുറത്തുനിന്നുള്ള സന്നദ്ധ പ്രവർത്തകരെയും, ജീവനക്കാരെയും ഒരുമിപ്പിച്ചുകൊണ്ട് ഈദ് ആഘോഷങ്ങൾക്കായി നിരാലംബരായ കുട്ടികൾക്ക് ഷോപ്പിങ്ങ് നടത്താൻ സഹായിക്കുന്ന ഒരു ഉദ്യമമാണിത്. പ്രാദേശിക എൻജിഒകൾ, പിന്തുണ പങ്കാളികൾ, സന്നദ്ധപ്രവർത്തകർ എന്നിവരുമായി സഹകരിച്ച് ആസ്റ്ററിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഇന്ത്യയിലെയും, ജിസിസിയിലെയും വിവിധ പ്രദേശങ്ങളിലെല്ലാം സ്മൈൽ 5.0 നടത്തപ്പെടുന്നു. അർഹരായ കുട്ടികളുടെ ജീവിതം പരിപോഷിപ്പിക്കുന്നതിനായി 2018-ൽ ആരംഭിച്ച ഈ ഉദ്യമം ഇന്ന് വരെ 1500 കുട്ടികളുടെ ജീവിതത്തെ സ്പർശിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, 4.25 ദശലക്ഷത്തിലധികം ആളുകളെ സ്വാധീനിച്ച 56000-ലധികം സന്നദ്ധപ്രവർത്തകർ നയിക്കുന്ന ഒരു ആഗോള പ്രസ്ഥാനമായി ആസ്റ്റർ വോളണ്ടിയേഴ്‌സ് ഇതിനകം ഉയർന്നുവന്നിരിക്കുന്നു.
.

Share this Article