ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ; നാലു ശതമാനം ഓഹരികൾ കൂടി സ്വന്തമാക്കി ഡോ. ആസാദ് മൂപ്പന്റെ കുടുംബം

സ്വന്തം ലേഖകൻ


ഓഹരികൾ വാങ്ങിയത് 460 കോടി രൂപ (207 ദശലക്ഷം ദിർഹം) യ്ക്ക്. 37.88 ശതമാനത്തിൽ നിന്ന് 4 ശതമാനം ഓഹരികൾ കൂടി വർദ്ധിപ്പിച്ചത് ഇന്ത്യയിലെയും ജിസിസിയിലെയും ബിസിനസ് ശക്തിപ്പെടുത്താനുള്ള കുടുംബത്തിന്റെ പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതാണ്. ഇന്ത്യയിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന, ആസ്റ്റർ ഡിഎം ഹെല്ത്ത്കെയറിന്റെ മൂല്യം 1.4 ബില്യൺ യുഎസ് ഡോളറാണ്.

ദുബൈ: ഇന്ത്യയിൽ ലിസ്റ്റ് ചെയ്ത വൻകിട സ്വകാര്യ ഇക്വിറ്റി നിക്ഷേപിത സ്ഥാപനങ്ങളിലൊന്നായ ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിൽ പ്രമോട്ടർമാർ 4 ശതമാനം ഓഹരികള് കൂടി സ്വന്തമാക്കി. 460 കോടി രൂപയുടെ (207 ദശലക്ഷം ദിര്ഹം) അധിക നിക്ഷേപത്തിലൂടെ പ്രമോർട്ടർമാർ കമ്പനിയിലെ ഓഹരി പങ്കാളിത്തം 37.88 ശതമാനത്തില് നിന്ന് 41.88 ശതമാനമായി വർധിപ്പിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ഈ രംഗത്തെ വളര്ച്ചയിലുള്ള ആത്മവിശ്വാസവും, തങ്ങളിൽ വിശ്വാസമർപ്പിച്ച രോഗികളോടും ജീവനക്കാരോടും തുടരുന്ന പ്രതിബദ്ധതതയും കണക്കിലെടുത്താണ് ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിലെ ഓഹരികൾ വര്ദ്ധിപ്പിക്കാൻ പ്രേരിപ്പിച്ചതെന്ന് ആസ്റ്റര് ഡിഎം ഹെല്ത്ത് കെയറിന്റെ സ്ഥാപക ചെയർമാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ഒരു കുടുംബമെന്ന നിലയിൽ ഞങ്ങൾ ആസ്റ്ററിനോട് പൂർണ്ണമായും പ്രതിജ്ഞാബദ്ധരാണ്. ഉടമസ്ഥരെന്ന നിലയിലും, മാനേജ്മെന്റ് തലത്തിലും, ജിസിസി, ഇന്ത്യ എന്നിവിടങ്ങളിലെ ബിസിനസുകളിൽ തുടര്ച്ചയായ പങ്കാളിത്തം വാഗ്ദാനം ചെയ്യുന്നതായും ഡോ. ആസാദ് മൂപ്പൻ വ്യക്തമാക്കി. 



2021-22 സാമ്പത്തിക വർഷത്തിൽ 10,253 കോടി രൂപ അഥവാ 5 ബില്യൺ ദിർഹം വിറ്റുവരവുള്ള ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ, ഈ സാമ്പത്തിക വർഷത്തിൽ വിറ്റുവരവിലും ലാഭത്തിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ഇന്ത്യയിലെയും, ജിസിസിയിലെയും ബിസിനസുകളുടെ നവീകരണ ദൗത്യങ്ങൾ സജീവമായി പിന്തുടരുന്നതിനാൽ സ്ഥാപനം വളർച്ചയുടെ ആവേശകരമായ ഘട്ടത്തിലാണ്. ഇന്ത്യയിൽ കേരളത്തിലെ തിരുവനന്തപുരത്ത് 350 കിടക്കകളുള്ള ആസ്റ്റർ ക്യാപിറ്റൽ ഹോസ്പിറ്റൽ, 200 കിടക്കകളുള്ള ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കാസർഗോഡ്, ആന്ധ്രപ്രദേശിൽ 150 കിടക്കകളുള്ള ആസ്റ്റ നാരായണാദ്രി ഹോസ്പിറ്റൽ, കർണ്ണാടകയിലെ മാണ്ഡ്യയിൽ 100 കിടക്കകളുള്ള ആസ്റ്റരർ ജി മാദഗൗഡ ഹോസ്പിറ്റൽ തുടങ്ങിയ പുതിയ പദ്ധതികളുമായി ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ മുന്നോട്ട് പോവുകയാണ്. 




ഇതിനകം 239 ആസ്റ്റർ ഫാർമസികളും 177 ആസ്റ്റർ ലാബ്സ് പേഷ്യന്റ് എക്സ്പീരിയന്സ് സെന്ററുകളും ആരംഭിച്ചിട്ടുണ്ട്. അടുത്ത സാമ്പത്തിക വർഷം ഇന്ത്യയിലെ നിലവിലുള്ള 15 ആശുപത്രികളിലായുള്ള 4,095 കിടക്കകളൻ, 18 ആശുപത്രികളിലായി 4,670 ആയി ഉയരും. ഗുണഭോക്താക്കൾക്ക് വിവിധ തലങ്ങളിൽ നിന്നും അനായസകരമായ പരിചരണം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഈ വർഷം ആരംഭിച്ച myAster ആപ്പിലൂടെ ആസ്റ്റർ ഗ്രൂപ്പിലെ എല്ലാ ശൃംഖലകളുമായും ശക്തമായ ബന്ധം സ്ഥാപിക്കാനാകും. 



ഒമാനിലെ 181 കിടക്കകളുള്ള ആസ്റ്റർ റോയൽ ഹോസ്പിറ്റൽ, ഷാർജയിലെ 101 കിടക്കകളുള്ള ആസ്റ്റർ ഹോസ്പിറ്റൽ, ദുബൈ ഖുസൈസിൽ 126 കിടക്കകളുള്ള ആശുപത്രി ഏറ്റെടുക്കൽ എന്നിവ ഉടൻ പ്രാവർത്തികമാക്കും. ഇതോടെ 15 ആശുപത്രികളും, 113 ക്ലിനിക്കുകളും, 257 ഫാർമസികളുമുള്ള ജിസിസിയിലെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ ദാതാക്കളിലൊന്നായി ആസ്റ്റർ മാറും. സൗദി അറേബ്യയിൽ 250 പുതിയ ആസ്റ്റർ ഫാർമസികൾ തുറക്കാനുള്ള പദ്ധതി കമ്പനി ആരംഭിച്ചിട്ടുണ്ട്. ഓമ്നി ചാനൽ ഹെല്ത്ത് കെയർ ഡെലിവറി മൈആസ്റ്റർ ആപ്പുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇത് ആരംഭിച്ചതിന് ശേഷം ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഇതിനകം 352,000 ഡൗൺലോഡുകളാണ് ലഭിച്ചിട്ടുള്ളത്. 

7 രാജ്യങ്ങളിൽ സാന്നിധ്യമുള്ള ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ 828 സ്ഥാപനങ്ങളിലായി, 29,108 പേർ ജോലി ചെയ്യുകയും പ്രതിവരർഷം 18 ദശലക്ഷത്തിലധികം രോഗികൾക്ക് സേവനം നല്കുകയും ചെയ്യുന്നു.
.

Share this Article