ഒറ്റത്തവണ ഉപയോഗിക്കുന്ന സഞ്ചികൾ ഇനി വേണ്ട!

സ്വന്തം പ്രതിനിധി


◼️ആവശ്യമെങ്കിൽ 25 ഫിൽസ് നൽകണം

ദുബൈയില്‍ ഇന്നുമുതല്‍ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന സഞ്ചികള്‍ക്ക് 25 ഫില്‍സ് വീതം തുക ഈടാക്കും. പുനരുയോഗ സാധ്യതയില്ലാത്ത സഞ്ചികളുടെ ഉപയോഗം കുറയ്ക്കാനാണ് പുതിയ നടപടി. പ്ലാസ്റ്റിക് അല്ലാത്ത സഞ്ചികള്‍ക്കും ഈ തുക ഈടാക്കും.

ഒറ്റത്തവണ ഉപയോഗിക്കുന്ന കവറുകളുടെ ഉപയോഗം പൂര്‍ണമായും നിരോധിക്കുന്നതിന് മുന്നോടിയായി ആദ്യഘട്ടമെന്ന നിലയ്ക്കാണ് ഇവയ്ക്ക് തുക ഏര്‍പ്പെടുത്തുന്നത്. 57 മൈക്രോമീറ്റര്‍ കട്ടിയുള്ള പ്ലാസ്റ്റിക്, പേപ്പര്‍ എന്നിവകൊണ്ട് നിര്‍മ്മിക്കുന്ന ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ ബാഗുകള്‍ക്കും താരിഫ് ബാധകമാണ്.

എന്നാല്‍ പച്ചക്കറികള്‍, പഴങ്ങള്‍, മാംസം, മത്സ്യം എന്നിവയുടെ പാക്കിങിന് ഉപയോഗിക്കുന്ന ബാഗുകളെ ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എല്ലാ കച്ചവട സ്ഥാപനങ്ങള്‍ക്കും പണംഈടാക്കണമെന്ന് നഗരസഭ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൗജന്യമായി കവറുകള്‍ നല്‍കാന്‍ സ്റ്റോറുകള്‍ക്ക് ബാധ്യതയില്ല.

ഫാര്‍മസികള്‍, ടെക്‌സ്‌റ്റൈല്‍സുകള്‍ തുടങ്ങി ഓണ്‍ലൈനില്‍ സാധനങ്ങള്‍ എത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് വരെ ഇത് ബാധകമായിരിക്കും. പരിസ്ഥിതി ആഘാതം കുറയ്ക്കാന്‍ ഘട്ടംഘട്ടമായുള്ള നടപടികളുടെ ഭാഗമായാണ് നടപടി. അബൂദബി എമിറേറ്റ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സഞ്ചികള്‍ക്ക് കഴിഞ്ഞമാസം മുതല്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
.

Share this Article