സ്വപ്‌ന പറയുന്നത് കേട്ട് ഭരിക്കാനാവില്ല: ഇ പി ജയരാജന്‍

0


തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷ് പറയുന്നത് കേട്ട് സര്‍ക്കാരിന് ഭരിക്കാനാകില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. സ്വപ്‌ന സുരേഷ് പറയുന്നത് നിലവാരമില്ലാത്ത കാര്യങ്ങളാണെന്നും ഇ.പി. ജയരാജന്‍ വിമര്‍ശിച്ചു. ആരെങ്കിലും പറയുന്നത് കേട്ട് അതിന്റെ പിന്നാലെ നടക്കുന്നതല്ല രാഷ്ട്രീയം. ആര്‍.എസ്.എസും കോണ്‍ഗ്രസും ചേര്‍ന്ന് നടത്തുന്ന വൃത്തികെട്ട രാഷ്ട്രീയം കേരളം തിരിച്ചറിയുമെന്നും ഇ.പി. ജയരാജന്‍ പ്രതികരിച്ചു. 'സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായി ജയിലില്‍ കിടന്ന് 20 തവണ സ്വര്‍ണക്കടത്ത് നടത്തിയെന്ന് പറഞ്ഞ് ഒരു സ്ത്രീ പുറത്തിറങ്ങി വരുമ്പോള്‍ യു.ഡി.എഫ് അവരെ പൂമാലയിട്ട് സ്വീകരിക്കുന്ന സ്ഥിതിയാണ്. ആര്‍.എസ്.എസ് കേന്ദ്രങ്ങളില്‍ നിന്ന് പരിശീലനം ലഭിച്ചാണ് സ്വപ്‌ന വരുന്നത്. ആര്‍.എസ്.എസും കോണ്‍ഗ്രസും ചേര്‍ന്ന് നടത്തുന്ന ഈ കള്ളത്തരവും വൃത്തികെട്ട രാഷ്ട്രീയവും കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും,' ഇ.പി. ജയരാജന്‍ പറഞ്ഞു.

മാത്യുകുഴല്‍നാടനതിരെയും ഇ.പി. ജയരാജന്‍ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ആരോപണം ഉന്നയിച്ച മാത്യു കുഴല്‍നാടന്‍ എം.എല്‍.എയ്ക്ക് നിലവാരമില്ലെന്നാണ് ഇ.പി. ജയരാജന്റെ പരിഹാസം. എവിടെ നിന്ന് എന്തെങ്കിലും കേട്ട് പറയുന്ന ആളാണ് മാത്യു കുഴല്‍നാടന്‍ എന്നും ജയരാജന്‍ പറഞ്ഞു. നേരത്തെയും മാത്യു കുഴല്‍നാടനെ പരിഹസിച്ച് ഇപി ജയരാജന്‍ രംഗത്തെത്തിയിരുന്നു. ഇവന്‍ എവിടെ നിന്ന് വന്നു, എന്തും പറയാന്‍ ഉള്ള വേദിയല്ല നിയമസഭ, മുഖ്യമന്ത്രിയുടെ കുടുംബത്തെ അപമാനിക്കുകയാണ്. മാത്യു കുഴല്‍നാടന് മുഖ്യമന്ത്രിയെ അറിയില്ല. നല്ലവണ്ണം അറിയണമെങ്കില്‍ അടുത്ത് പോയി നോക്കണം. ഇരുമ്പ് അല്ല, ഉരുക്ക് ആണ് മുഖ്യമന്ത്രി എന്നുമായിരുന്നു ഇ.പി. ജയരാജന്റെ പരാമര്‍ശം.

.

Share this Article