നായകനായി ശൈഖ് മുഹമ്മദ്

0




◼️യു.എ.ഇയുടെ മൂന്നാമത്തെ പ്രസിഡൻ്റായി ചുമതലയേൽക്കും

◼️2004 മുതല്‍ അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനാണ്

അബുദാബി: യു.എ.ഇയെ നയിക്കാന്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. ലോകത്തിലെ തന്നെ ശക്തനായ നേതാക്കളിലൊരാളായ ശൈഖ് മുഹമ്മദ് യുഎഇയുടെ നേതൃപദവിയിലേക്ക് എത്തുമ്പോള്‍ രാജ്യത്തിന്റെ ഭാവി സുരക്ഷിതമെന്ന് ഉറപ്പ്. അബുദാബി കിരീടാവകാശി എന്ന പദവിയില്‍ നിന്നാണ് ''എംബിഇസഡ്'' എന്ന് അറിയപ്പെടുന്ന ശൈഖ് മുഹമ്മദ് യുഎഇ പ്രസിഡന്റാകുന്നത്. 2019ല്‍ ന്യൂയോര്‍ക്ക് ടൈംസ് ഏറ്റവും ശക്തനായ അറബ് ഭരണാധികാരിയായും ടൈം മാഗസിന്‍ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 പേരില്‍ ഒരാളായും ശൈഖ് മുഹമ്മദിനെ തെരഞ്ഞെടുത്തിരുന്നു.

1961 മാര്‍ച്ച് 11നാണ് രാഷ്ട്രപിതാവായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ മൂന്നാമത്തെ മകനായി ശൈഖ് മുഹമ്മദ് ജനിച്ചത്. ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അബുദാബി ഭരണാധികാരിയുടെ കിഴക്കന്‍ മേഖല പ്രതിനിധിയായി അല്‍ ഐനില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ശൈഖ് മുഹമ്മദിന്റെ ജനനം. 10 വയസ്സുവരെ മൊറോക്കോയിലെ റബാത്തിലെ റോയല്‍ അക്കാദമിയില്‍ വിദ്യാഭ്യാസം. 1979 ഏപ്രിലില്‍ യുകെയിലെ പ്രശസ്തമായ സാന്‍ഹര്‍സ്റ്റ് റോയല്‍ മിലിട്ടറി അക്കാദമിയില്‍ നിന്ന് ബിരുദം നേടി. സാന്‍ഹര്‍സ്റ്റില്‍ പഠിക്കുമ്പോള്‍ ഫ്‌ലയിങ് പാരച്യൂട്ട് പരിശീലനങ്ങളും ഗസല്ലെ സ്‌ക്വാഡ്രണ്‍ ഉള്‍പ്പെടെയുള്ള വിമാനങ്ങളും ഹെലികോപ്റ്ററുകളും പറപ്പിക്കാന്‍ പരിശീലനവും നേടി. 




2003 നവംബറിലാണ് അബുദാബി ഡെപ്യൂട്ടി കിരീടാവകാശിയായി നിയമിതനായത്. ശൈഖ് സായിദിന്റെ നിര്യാണത്തോടെ 2004 നവംബര്‍ മൂന്നിന് അബുദാബി കിരീടാവകാശിയായി നിയമിക്കപ്പെട്ടു. 2005 ജനുവരിയില്‍ യുഎഇ സായുധസേന ഉപസര്‍വ്വസൈന്യാധിപനായി. കഴിഞ്ഞ വര്‍ഷം ജനറല്‍ പദവിയിലേക്ക് ഉയര്‍ന്നു. 2004 മുതല്‍ അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമാണ്. ശൈഖ് മുഹമ്മദിന്റെ നേതൃമികവ് സായുധസേനയുടെ വികാസത്തില്‍ സുപ്രധാന പങ്കുവഹിച്ചു.




യുഎഇ പ്രസിഡൻ്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിൻ സായിദിന്‍റെ നിര്യാണത്തെ തുടര്‍ന്നാണ് അബുദാബി കിരീടാവകാശിയായിരുന്ന ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ യുഎഇയുടെ പുതിയ പ്രസിഡന്‍റാകുന്നത്. യുഎഇയുടെ രൂപീകരണത്തിന് ശേഷമുള്ള രണ്ടാമത്തെ പ്രസിഡന്റാണ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍. 2004 നവംബര്‍ മൂന്നിനാണ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ യുഎഇയുടെ ഭരണാധികാരിയായി സ്ഥാനമേറ്റെടുത്തത്. യുഎഇ സ്ഥാപകനും ആദ്യ ഭരണാധികാരിയുമായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‍യാന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു അദ്ദേഹം ഭരണം ഏറ്റെടുത്തത്. 2004 നവംബര്‍ രണ്ടിനായിരുന്നു ശൈഖ് സായിദ് വിടപറഞ്ഞത്.

.

1948ല്‍ ജനിച്ച ശൈഖ് ഖലീഫ യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റും അബുദാബിയിലെ 16-ാമത് ഭരണാധികാരിയുമായിരുന്നു. രാഷ്‍ട്ര സ്ഥാപകന്‍ ശൈഖ് സായിദിന്റെ മൂത്ത മകനായിരുന്നു ശൈഖ് ഖലീഫ. ഭരണമേറ്റെടുത്ത ശേഷം യുഎഇ ഫെഡറല്‍ ഭരണകൂടത്തിലും അബുദാബി എമിറേറ്റിലും ഒട്ടേറെ ഭരണപരമായ മാറ്റങ്ങള്‍ക്ക് ശൈഖ് ഖലീഫ നേതൃത്വം നല്‍കി.




.

Share this Article