330 ദിർഹത്തിന് യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്ക് പറക്കാം

Truetoc News Desk


◼️ സ്വാതന്ത്ര്യദിന ഓഫറുമായി എയർഇന്ത്യ

ദുബൈ: ഇന്ത്യൻ വിമാനക്കമ്പനിയായ എയർഇന്ത്യ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ടിക്കറ്റ് നിരക്കുകളിൽ പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. എല്ലാ ജി.സി.സി രാജ്യങ്ങളിൽനിന്നും ഇന്ത്യയിലേക്കുള്ള യാത്രക്കാർക്കാണ് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമാവുക.

യു.എ.ഇയിൽനിന്ന് ഡൽഹി, മുംബൈ, ചെന്നൈ തുടങ്ങിയ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള ഫ്‌ളൈറ്റ് ടിക്കറ്റുകൾ 330 ദിർഹത്തിന് വരെ ലഭിക്കും. ഈ മാസം 8 മുതൽ 21 വരെ മാത്രമാണ് യാത്രക്കാർക്ക് ഈ ഓഫർ ലഭിക്കുക. ഇത്തരത്തിൽ മറ്റു ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള സർവിസുകൾക്കും താരതമ്യേന കുറഞ്ഞ ടിക്കറ്റ് നിരക്കുകളാണ് ഇക്കാലയളവിൽ ഈടാക്കുക.'വൺ ഇന്ത്യ വൺ ഫെയർ' എന്ന ആശയത്തിനു കീഴിലാണ് വിമാനക്കമ്പനി ആകർഷകമായ വൺ-വേ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നത്. പ്രമോഷൻ കാലയളവിൽ വിൽക്കുന്ന എല്ലാ ടിക്കറ്റുകൾക്കും അടുത്ത ഒക്ടോബർ 15 വരെയുള്ള ടിക്കറ്റുകളിൽ ചെക്ക് ഇൻ ബാഗേജ് അലവൻസായി 35 കിലോയും ഹാൻഡ് ലഗേജ് 8 കിലോഗ്രാമും അനുവദിച്ചിട്ടുമുണ്ട്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവിസുകൾക്കാണ് ഈ ഓഫർ ലഭിക്കുക. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് ഓഫർ ടിക്കറ്റുകൾ അനുവദിക്കുക.എയർ ഇന്ത്യയുടെ വെബ്സൈറ്റിലും മൊബൈൽ ആപ്പിലും അംഗീകൃത ട്രാവൽ ഏജന്റുമാർ വഴിയും ഈ പ്രത്യേക നിരക്കുകളിൽ ടിക്കറ്റുകൾ ലഭ്യമാകും. ഇതാദ്യമായാണ് എല്ലാ ഗൾഫ് രാജ്യങ്ങളിൽനിന്നും ഇന്ത്യയിലേക്ക് ഒരേസമയം ഇത്തരമൊരു ആകർഷകമായ ഓഫർ എയർ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.
.

Share this Article