യു.എ.ഇയിലെ വാഹനാപകടങ്ങൾ; ഇരകളിൽ പകുതിയും ഇന്ത്യക്കാർ

Truetoc News Desk


◼️2500ഓളം വാഹനാപകട ഇൻഷൂറൻസ് കേസുകളെ ആസ്പദമാക്കിയാണ് പഠനം

അബൂദബി: യു.എ.ഇയിൽ വാഹനാപകടത്തിന് ഇരയാകുന്നവരിൽ പകുതിയും ഇന്ത്യക്കാരാണെന്ന് പഠനം. മുപ്പതിനും നാൽപതിനും ഇടക്ക് പ്രായമുള്ള യുവാക്കളാണ് പകുതിയിലേറെയും അപകടത്തിൽപെടുന്നതെന്നും പഠനം വ്യക്തമാക്കുന്നു. 

അപകടത്തിൽപെടുന്നവരിൽ 12 ശതമാനം പേർ 30 വയസിൽ താഴെയുള്ളവരാണ്. 30നും 40നും ഇടയിൽ പ്രായമുള്ളവർ 50 ശതമാനം. 40നും 50 നും ഇടക്കുള്ളവർ 26 ശതമാനം വരും. 50 വയസിന് മുകളിൽ പ്രായമുള്ളവർ 12 ശതമാനം മാത്രമേ വാഹനാപകടത്തിൽ ഇരയാവുന്നുള്ളു. ഉച്ചക്ക് 12 മുതൽ രാത്രി എട്ട് വരെയുള്ള സമയത്താണ് കൂടുതൽ അപകടങ്ങളുണ്ടാകുന്നത്. ഇതിൽ ഉച്ചക്ക് 12 മുതൽ രണ്ട് വരെയും വൈകുന്നേരം ആറ് മുതൽ എട്ട് വരെയുമാണ് ഏറ്റവുമധികം വാഹനങ്ങളും അപകടത്തിൽപെടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ സമയങ്ങളിൽ റോഡിന് ചൂട് കൂടുന്നതും വാഹനങ്ങൾ കൃത്യമായി അറ്റകുറ്റപ്പണി നടത്താത്തതുമാണ് അപകടങ്ങളുടെ പ്രധാന കാരണമെന്ന് റോഡ് സേഫ്റ്റി ഗ്രൂപ്പ് യു.എ.ഇ സ്ഥാപകൻ തോമസ് എഡൽമാൻ പറഞ്ഞു.

റോഡ് സുരക്ഷാ ബോധവത്കരണ ഗ്രൂപ്പും വാഹനാപകട ഇൻഷൂറൻസ് കമ്പനിയുമായ ടോക്യോമറൈനും നടത്തിയ പഠനത്തിലാണ് റോഡപകടങ്ങളുടെ ഇരകൾ പകുതിയിലേറെയും ഇന്ത്യക്കാരാണെന്ന് ചൂണ്ടിക്കാട്ടുന്നത്. വേനൽകാലത്തുണ്ടായ 2500ഓളം വാഹനാപകട ഇൻഷൂറൻസ് കേസുകളെ ആസ്പദമാക്കിയാണ് പഠനം.

ഇന്ത്യക്കാർ കഴിഞ്ഞാൽ കൂടുതൽ അപകടപ്പെടുന്നത് യു.എ.ഇ സ്വദേശികളാണ്. ഇരകളിൽ19 ശതമാനമാണ് ഇമറാത്തികൾ. ഈജിപ്തുകാരും, പാകിസ്താൻകാരും ആറു ശതമാനം വീതം ഇരകളാകുന്നു. ഫിലിപ്പൈൻസുകാർ നാല് ശതമാനവും മറ്റ് രാജ്യക്കാർ 15 ശതമാനവും അപകടത്തിൽപെടുന്നു എന്നാണ് കണക്ക്.
.

Share this Article