വ്യാജ ടാക്‌സികൾക്ക് എതിരെ നടപടി കർശനമാക്കി അബൂദബി പൊലീസ്

Truetoc News Desk


◼️വ്യാജ ടാക്‌സികളെ കുറിച്ച്  പൊതുജനങ്ങൾക്കും  വിവരം കൈമാറാം

അബൂദബി: അബൂദബിയിൽ വ്യാജ ടാക്‌സികൾക്കെതിരെ നടപടി ശക്തമാക്കുന്നു. അനുമതിയില്ലാതെ വാഹനങ്ങൾ ടാക്‌സിയായി ഉപയോഗിച്ചാൽ 3000 ദിർഹം പിഴ ലഭിക്കുമെന്ന് അബൂദബി പൊലീസ് മുന്നറിയിപ്പ് നൽകി. അനധികൃത ടാക്‌സി സർവീസ് നടത്തിയാൽ 3000 ദിർഹം പിഴക്ക് പുറമെ 30 ദിവസം വാഹനം പൊലീസ് പിടിച്ചുവെക്കും. ലൈസൻസിൽ 24 ബ്ലാക്ക് പോയന്റും വീഴും. വ്യാജ ടാക്‌സികളെ പിടികൂടാൻ അബൂദബിയിലെങ്ങും പരിശോധന കർശനമാക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. സംയോജിത ഗതാഗത വകുപ്പിന്റെ കൂടെ സഹകരണത്തോടെയാണ് ടാക്‌സികൾക്കെതിരായ പരിശോധന ശക്തമാക്കുന്നത്.

അനധികൃതമായി ടാക്‌സി സേവനം നൽകുന്നവരെ കുറിച്ച് പൊതുജനങ്ങൾക്കും പൊലീസിന് വിവരം കൈമാറാം. യാത്രക്കാരുടെ സുരക്ഷ കൂടി കണക്കിലെടുത്താണ് വ്യാജ ടാക്‌സികളുടെ സേവനം തടയുന്നതെന്ന് പൊലീസ് പറഞ്ഞു. ടാക്‌സി സേവനത്തിന് ലൈസൻസില്ലാത്തവർ നടത്തുന്ന വാഹനങ്ങളിൽ പോകുന്നതിന് മുമ്പ് യാത്രക്കാരും രണ്ടുവട്ടം ആലോചിക്കേണ്ടതുണ്ട്. 

അംഗീകൃത ടാക്‌സികൾ എപ്പോഴും പൊലീസിന്റെയും അധികൃതരുടെയും നിരീക്ഷണത്തിലാണ്. വ്യാജ ടാക്‌സികൾ ഇത്തരത്തിൽ യാതൊരു സുരക്ഷിതത്വവും ഉറപ്പാക്കുന്നില്ല. ഇത് യാത്രക്കാരുടെ ജീവനും സ്വത്തിനും വരെ ഭീഷണിയായേക്കാം. യാത്രക്ക് അംഗീകൃത പൊതുഗതാഗത സംവിധാനങ്ങൾ മാത്രം ഉപയോഗിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
.

Share this Article