ന്യൂട്ടനെയും ആകർഷിക്കും പീയൂഷിന്റെ ഗുരുത്വം

0


ന്യൂട്ടനെയും ആകർഷിക്കും പീയൂഷിന്റെ ഗുരുത്വം

പീയൂഷം എന്നാൽ അമൃത്‌, കടിഞ്ഞൂൽ പെറ്റ പശുവിന്റെ പാൽ, ദേവന്മാരുടെ മദ്യം എന്നൊക്കെയാണ്‌ അർഥം. അമൃത‌് എന്താണ‌്, കാളകൂടമെന്താണ‌് എന്നൊന്നും അറിയാത്തവനാണ‌് പീയൂഷ‌് ഗോപാലെന്ന‌് അസൂയക്കാർ പറഞ്ഞുപരത്തുമെങ്കിലും പീയൂഷ‌് ഗോപാൽ പറയുന്ന കാര്യങ്ങളൊക്കെ അമൃതുപോലെ കണക്കാക്കാൻ ഗോപാലൻമാരായ അനുയായികളൊക്കെ ബാധ്യസ്ഥരാണ്‌. ഗുരുത്വാകർഷണം കണ്ടുപിടിക്കുന്നതിൽ ഐൻസ്‌റ്റീന്‌ ഒരു വിധത്തിലും കണക്ക്‌ ഉപകരിച്ചിട്ടില്ലെന്ന്‌ സാമ്പത്തിക വളർച്ചയെപ്പറ്റി സംസാരിക്കുന്നതിനിടെയാണ്‌ റെയിൽവേ മന്ത്രി പീയൂഷ്‌ ഗോയൽ മൊഴിഞ്ഞത്‌. ഗണപതിയുടെ പ്ലാസ്‌റ്റിക്‌ സർജറി, പുഷ‌്പകവിമാനത്തിലൂടെ വിമാന സാങ്കേതികവിദ്യയുടെ കണ്ടുപിടിത്തം, ടെസ്‌റ്റ്‌ ട്യൂബ്‌ ശിശുക്കളെ സൃഷ്ടിക്കാനുള്ള സാങ്കേതികവിദ്യ പണ്ടേ കരസ്ഥമാക്കിയതിലൂടെ 100 കൗരവരെ ഭൂജാതരാക്കിയത‌ു തുടങ്ങി ഓരോ ഇന്ത്യക്കാരനെയും രോമാഞ്ചംകൊള്ളിക്കുന്ന വെളിപ്പെടുത്തലുകൾക്കുശേഷമാണ്‌ പീയൂഷിന്റെ പുത്തനറിവ്‌ ലോകമറിഞ്ഞത്‌.

പക്ഷേ, ഓക്സിജൻ പുറത്തുവിടുന്ന പശുവിലും അതിന്റെ വിസർജ്യത്തിലും പെൺമയിൽ ആൺമയിലിന്റെ കണ്ണീർ കുടിക്കുമ്പോൾ ഗർഭം ധരിക്കുന്നതിലും മഴപെയ്യിക്കുന്ന വധൂവരൻമാരായ തവളയിലും അഭിമാനംകൊണ്ടുനിൽക്കുന്ന ബിജെപിക്കാരെ പീയൂഷ്‌ ഗോയൽ നിരാശരാക്കിക്കളഞ്ഞു. തനിക്ക്‌ നാക്കുപിഴകൊണ്ട്‌ ട്രാക്ക്‌ തെറ്റിയതാണെന്നും ഐസക് ന്യൂട്ടനാണ്‌ ഗുരുത്വാകർഷണം കണ്ടുപിടിച്ചതെന്നും മൂന്നുദിവസത്തെ പഠനഗവേഷണങ്ങൾക്കുശേഷം അദ്ദേഹം തിരുത്തുമെന്ന‌് സംഘകുടുംബത്തിലെ ആരും കരുതിയതല്ല.




.

Share this Article