ദുബൈയിൽ കെട്ടിട നിർമ്മാണത്തിന് ഏകജാലകം

Truetoc News Desk


ദുബൈ: ദുബൈയിൽ കെട്ടിട നിർമ്മാണ അനുമതി വളരെ വേഗത്തിൽ ലഭിക്കും. അതിനായുള്ള ഏകജാലക സംവിധാനമൊരുങ്ങുകയാണ്. കെട്ടിട നിർമ്മാണ അനുമതിയ്ക്കായി ഇലക്ട്രോണിക് പ്ലാറ്റ്ഫോമാണ് സജ്ജമാക്കുന്നത്. എല്ലാ ലൈസന്‍സിംഗ് അതോറിറ്റികളുടെയും കെട്ടിടനിർമ്മാണ അനുമതി സേവനങ്ങളാണ് ഒരു പ്ലാറ്റ് ഫോമിന് കീഴിലേക്ക് വരുന്നത്. ജൂലൈയോടെ ഇത് പൂർണമാകും..

യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമിന്‍റെ നിർദ്ദേശ പ്രകാരം രൂപീകരിച്ച കമ്മിറ്റിയാണ് ഉപഭോക്തൃ സംതൃപ്തി ലക്ഷ്യമിട്ട് മികച്ച സേവനങ്ങള്‍ നല‍്കാന്‍ ഏകീകൃത സംവിധാനം ഒരുക്കുന്നത്. ദുബൈ മുനിസിപ്പാലിറ്റി എഞ്ചിനീയറിംഗ് ആന്‍റ് പ്ലാനിംഗ് സെക്ടർ സി.ഇ.ഒ യാണ് കമ്മിറ്റിയുടെ അധ്യക്ഷന്‍. ഉപഭോക്താക്കള്‍ക്ക് നടപടി ക്രമങ്ങള്‍ കൂടുതല്‍ ലളിതമാകുമെന്നുളളതാണ് ഏകജാലകമൊരുങ്ങുന്നതിലെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. സർക്കാർ ഏജന്‍സികളില്‍ നിന്നുളള അംഗങ്ങള്‍ ലൈസന്‍സിംഗ് പ്രക്രിയയില്‍ ഭാഗമാകും.

ദുബൈ മുനിസിപ്പാലിറ്റി, ദുബായ് ഡെവലപ്‌മെന്‍റ് അതോറിറ്റി, ട്രാഖീസ്, ദുബൈ ഇന്‍റഗ്രേറ്റഡ് ഇക്കണോമിക് സോൺസ് അതോറിറ്റി എന്നിവയുടെ സേവനങ്ങള്‍ ഇനി ഒരു കുടക്കീഴിലേക്ക് മാറും. നടപടിക്രമങ്ങള്‍ സയമബന്ധിതമായി പൂർത്തിയാക്കാനും ഇലക്ട്രോണിക് പ്ലാറ്റ്ഫോമിലൂടെ സാധിക്കും. ചുരുക്കത്തില്‍ കെട്ടിട നിർമ്മാണ അനുമതിയ്ക്ക് വേണ്ടിയുള്ള അഭ്യർത്ഥന ഏകീകൃത പരിശോധന, സേവനങ്ങളുടെ നിർവ്വഹണവും വിതരണവും എന്നിങ്ങനെ മൂന്ന് ഘട്ടങ്ങൾ വളരെ വേഗത്തിൽ പിന്നിട്ട് കെട്ടിട നിർമ്മാണ അനുമതി ഉപഭോക്താക്കള്‍ക്ക് നേടാം.
.

Share this Article