ഭിന്നശേഷിക്കാരെ ചേർത്തുപിടിച്ച് ദുബൈ

Truetoc News Desk



◼️ദുബൈ കിരീടാവകാശി പ്രഖ്യാപിച്ചത്
 4.4 കോടിയുടെ സഹായം ​ 

ദുബൈ: രാജ്യത്തെ ഭിന്നശേഷിക്കാർക്ക്​ വേണ്ടി 4.4 കോടി ദിർഹമിന്‍റെ സഹായം പ്രഖ്യാപിച്ച്​ ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടീവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം. ദുബൈയിലെ ഭിന്നശേഷി വിഭാഗക്കാരുടെ ശാക്തീകരണം ലക്ഷ്യം വെച്ച്​ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിന്‍റെ താൽപര്യമനുസരിച്ചാണ്​ തുക അനുവദിച്ചത്​. 

സാധ്യമാകുന്ന എല്ലാ സൗകര്യങ്ങളും ഒരുക്കി ഭിന്നശേഷി വിഭാഗത്തിന്​ ഏറ്റവും മെച്ചപ്പെട്ട ജീവിത സാഹചര്യം സൃഷ്ടിക്കുവാനാണ്​ ആഗ്രഹിക്കുന്നതെന്ന്​ പദ്ധതി പ്രഖ്യാപിച്ച്​ ശൈഖ്​ ഹംദാൻ പറഞ്ഞു. 
വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റി വിവിധ മേഖലകളിൽ വിജയം കൈവരിക്കാനും ദുബൈയുടെയും യു.എ.ഇയുടെയും വികസനത്തിന് ഇത്തരക്കാരുടെ സംഭാവനകൾ വർധിപ്പിക്കാനും സഹായ പദ്ധതി ലക്ഷ്യമിടുന്നു.

മറ്റുള്ളവരുടെ പിന്തുണ ആവശ്യമാകുന്ന രീതിയിൽ ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്ന 60 വയസിന്​ താഴെയുള്ളവർക്കാണ്​ ആനുകൂല്യങ്ങൾ ലഭിക്കുക. കിന്‍റർഗാർട്ടൻ സ്ഥാപനങ്ങൾ, സ്‌കൂളുകൾ, യൂനിവേഴ്‌സിറ്റികൾ, പുനരധിവാസ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ഫീസ് പദ്ധതിയിൽ ഉൾപ്പെടും. ഷാഡോ ടീച്ചർമാർ, പരിചാരകർ, പേഴ്‌സണൽ അസിസ്റ്റന്‍റുമാർ, ആംഗ്യഭാഷാ വ്യാഖ്യാതാക്കൾ എന്നിവരെ നിയമിക്കുന്ന ചെലവുകളും സർക്കാർ വഹിക്കും. ഭിന്നശേഷിക്കാരുടെ പഠനത്തെ പ്രോൽസാഹിപ്പിക്കുകയാണ്​ ഇതിലൂടെ ലക്ഷ്യമിടുന്നത്​.
.

Share this Article