15 മാനുഫാക്ചറിംഗ് പ്‌ളാന്റുകള്‍ക്ക് 4.0 വ്യാവസായിക പരിവര്‍ത്തനവുമായി ഹോട്ട്പാക്ക്

സ്വന്തം ലേഖകൻ


ഇന്‍ഡസ്ട്രി 4.0 പരിവര്‍ത്തന യാത്രയില്‍ 15 നിര്‍മാണ സൗകര്യങ്ങളും ഡിജിറ്റൈസ് ചെയ്യാനുള്ള ലക്ഷ്യത്തോടെ മൂന്ന് ഫാക്ടറികളെ ഡിജിറ്റൈസ് ചെയ്യാന്‍ ഹോട്ട്പാക്ക് മാക്‌സ്‌ബൈറ്റുമായി കരാറിലെത്തി.


ദുബൈ: ഡിസ്‌പോസബിള്‍ പാക്കേജിംഗ് ഉല്‍പന്ന നിര്‍മാണത്തില്‍ ആഗോളീയമായി മുന്‍നിരയിലുള്ള യുഎഇ ആസ്ഥാനമായ ഹോട്ട്പാക്ക്, യുഎഇയിലെയും മറ്റ് രാജ്യങ്ങളിലെയും 15 ഫാക്ടറികളും ഡിജിറ്റൈസ് ചെയ്യാനായി വ്യവസായ, ഡിജിറ്റല്‍, റോബോട്ടിക്‌സ്, ട്രെയ്‌നിംഗ് സൊല്യൂഷന്‍ പ്രൊവൈഡറായ മാക്‌സ്‌ബൈറ്റുമായി കരാര്‍ ഒപ്പിട്ടു. കരാറിനൊപ്പം, മാക്‌സ്‌ബൈറ്റ് അതിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും വ്യാവസായികമായി 4.0 പരിവര്‍ത്തനം കൈവരിക്കാന്‍ ഹോട്ട്പാക്കിനെ സഹായിക്കുന്നതിന് തന്ത്രപരമായ പങ്കാളിയായി പ്രവര്‍ത്തിക്കും. 

ഇന്‍ഡസ്ട്രി 4.0 എന്നത് നാലാം വ്യവസായ വിപ്‌ളവത്തെ സൂചിപ്പിക്കുന്നതാണ്. ഇത് ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി), ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), ബിഗ് ഡാറ്റ അനലൈറ്റിക്‌സ് എന്നിവ പോലുള്ള നൂതന സാങ്കേതിക വിദ്യകളുടെ ഉപയോഗത്താല്‍ ഉല്‍പാദനം കൂടുതല്‍ ബുദ്ധിപരവും ബന്ധിതവും സുസ്ഥിരവുമാക്കുന്നു.സ്ഥാപനങ്ങള്‍ അവരുടെ ഉല്‍പന്നങ്ങള്‍ രൂപകല്‍പന ചെയ്യുന്നതും നിര്‍മിക്കുന്നതും വിതരണം ചെയ്യുന്നതും സേവനം ചെയ്യുന്നതും കൂടുതല്‍ ഒപ്റ്റിമൈസ് ചെയ്യുന്ന രീതിയിലേക്ക് മാറ്റാന്‍ ഇത് ലക്ഷ്യമിടുന്നു. അബുദാബി ഡിപാര്‍ട്ട്‌മെന്റ് ഓഫ് എകണോമിക് ഡെവലപ്‌മെന്റ് (എഡിഡിഇഡി) പ്രതിനിധികള്‍ക്കായി ഈയിടെ ഹോട്ട്പാക്ക് അബുദാബിയിലെ കമ്പനി സമുച്ചയത്തില്‍ ഒരു ഇന്‍ഡസ്ട്രി 4.0 ഡെമോ നടത്തിയിരുന്നു. എഡിഡിഇഡി ഉദ്യോഗസ്ഥര്‍ പ്രദര്‍ശനത്തില്‍ മതിപ്പ് രേഖപ്പെടുത്തി. ഹോട്ട്പാക്കില്‍ 4.0 വ്യാവസായിക പരിവര്‍ത്തനം കൈവരിക്കാനുള്ള ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമെന്നും രാജ്യത്തെ വ്യവസായ മേഖലക്കാകെ പ്രയോജനപ്രദമാണിതെന്നും എഡിഡിഇഡി അധികൃതര്‍ പറഞ്ഞു. പുതിയ സാങ്കേതിക വിദ്യയുടെ പരിവര്‍ത്തന പ്രക്രിയ നടപ്പാക്കാനും മെച്ചപ്പെടുത്താനുമുള്ള നിര്‍ദേശങ്ങളും എഡിഡിഇഡി ഉദ്യോഗസ്ഥര്‍ നല്‍കി.

''ഉന്നതമായ ഇന്‍ഡസ്ട്രി 4.0 മെച്യൂരിറ്റി ലെവല്‍ നേടാനുള്ള പരിവര്‍ത്തന യാത്ര ആരംഭിക്കാനാകുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ആ യാത്ര സുഗമമാക്കാന്‍ മാക്‌സ്‌ബൈറ്റുമായുള്ള പങ്കാളിത്തത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്. മോഡുലാര്‍, അളവും വലുപ്പവും മാറ്റാന്‍ സാധിക്കുന്നത്, ഏറ്റവും വേഗമുള്ളത്, സുരക്ഷിതം, താങ്ങാനാകുന്ന വിലയിലുള്ളത് തുടങ്ങിയ സവിശേഷതകള്‍ മാക്‌സ്‌ബൈറ്റ് സൊല്യൂഷനുകള്‍ക്കുണ്ട്. ഡിജിറ്റൈസേഷന്‍ നേടാന്‍ ഞങ്ങളെ സഹായിക്കാനുള്ള മികച്ച തെരഞ്ഞെടുപ്പായി അവയെ മാറ്റുന്ന കാര്യങ്ങളാണിവ'' -ധാരണ സംബന്ധിച്ച് പ്രതികരിക്കവേ, ഹോട്ട്പാക്ക് ഗ്‌ളോബല്‍ ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ ജബ്ബാര്‍ പി.ബി പറഞ്ഞു. ''സ്ഥാപനങ്ങളുടെ ഉല്‍പന്നങ്ങള്‍ രൂപകല്‍പന ചെയ്യുന്നതിലും നിര്‍മിക്കുന്നതിലും വിതരണം ചെയ്യുന്നതിലും സേവനം നല്‍കുന്നതിലുമുള്ള രീതിയില്‍ വിപ്‌ളവം സൃഷ്ടിക്കുന്നതാണ് ഇന്‍ഡസ്ട്രി 4.0. നിര്‍മാണത്തെ അത് മികച്ചതും സുസ്ഥിരവുമാക്കുന്നു. അത് ഡിജിറ്റല്‍ മെയിന്റനന്‍സ് സംവിധാനങ്ങളോ ഉപകരണങ്ങളുടെ മൊത്തത്തിലുള്ള തത്സമയ ഫലപ്രാപ്തിയോ ആവട്ടെ, വരുമാന വളര്‍ച്ച പരമാവധിയാക്കാനും ചെലവ് കുറയ്ക്കാനും ആസ്തി വിനിയോഗം വര്‍ധിപ്പിക്കാനും ഞങ്ങളെ പ്രാപ്തരാക്കും. ഏറ്റവും പ്രധാനമായി, ദൃശ്യപരത, സുതാര്യത, പ്രവചനാത്മകത, സ്വയം നിയന്ത്രണ സംവിധാനങ്ങള്‍ എന്നിവ മുഖേന സാമ്പത്തികമായ ഈ  ലക്ഷ്യങ്ങളെ നയിക്കാന്‍ ഞങ്ങള്‍ക്ക് കഴിയും'' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹോട്ട്പാക്കിന്റെ ഇന്‍ഡസ്ട്രി 4.0 പരിവര്‍ത്തന പദ്ധതിയുടെ ആദ്യ മികച്ച ഫലത്തിനായി കമ്പനി ദുബായ് ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്ക് 2, നാഷണല്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്ക്, ഉമ്മുല്‍ ഖുവൈന്‍ എന്നിവിടങ്ങളിലെ മൂന്ന് ഫാക്ടറികള്‍ രൂപാന്തരപ്പെടുത്താന്‍ തുടങ്ങുമെന്ന് ഹോട്ട്പാക്ക് ഗ്‌ളോബല്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍ അന്‍വര്‍ പി.ബി പറഞ്ഞു. മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള കാലയളവിന്റെ അവസാനത്തില്‍ ഇന്‍ഡസ്ട്രി 4.0 മെച്യൂരിറ്റിയുടെ ഉയര്‍ന്ന നിലവാരം കൈവരിക്കുകയെന്നതാണ് പരിവര്‍ത്തന റോഡ് മാപ്പിന്റെ ആത്യന്തിക ലക്ഷ്യം. ക്രമേണ, ഹോട്ട്പാക്ക് അതിന്റെ 15 നിര്‍മാണ പ്‌ളാന്റുകളും ഡിജിറ്റൈസ് ചെയ്യാന്‍ ലക്ഷ്യമിടുന്നു. അത് സമാര്‍ട്ടും കണക്റ്റഡും സുസ്ഥിരവുമായ ഒരു സംരംഭം സൃഷ്ടിക്കുന്നു -അദ്ദേഹം വ്യക്തമാക്കി. 

മിഡില്‍ ഈസ്റ്റിലെ വലിയ ഉല്‍പാദകരിലൊന്നുമായി പ്രവര്‍തതിക്കാനാകുന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് മാക്‌സ്‌ബൈറ്റ് സിഇഒ രാംശങ്കര്‍ സി.എസ് പറഞ്ഞു. തങ്ങളുടെ ഡീപ് ടെക്, വിപണി മൂല്യമുള്ള ഉല്‍പന്നങ്ങള്‍, ഡിജിറ്റൈസേഷന്‍, റോബോട്ടൈസേഷന്‍, ഡീകാര്‍ബണൈസേഷന്‍ എന്നിവയിലൂടെ പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്താന്‍ സാധിക്കും. ഒന്നിലധികം രാജ്യങ്ങളില്‍ ഞങ്ങള്‍ക്ക് വിപുലമായ ശൃംഖലയുണ്ട്. ഏറ്റവും ഉയര്‍ന്ന ഇന്‍ഡസ്ട്രി 4.0 മെച്യൂരിറ്റി ലെവലും അതിനപ്പുറവും നേടാന്‍ ഹോട്ട്പാക്കിനെ സഹായിക്കാനാകുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇന്‍ഡസ്ട്രി 4.0 പരിവര്‍ത്തനതിനുള്ള പ്രവര്‍ത്തനച്ചെലവ് 5 മുതല്‍ 10 ശതമാനം വരെ കുറയ്ക്കുകയും മൊത്തത്തിലുള്ള ഉപകരണങ്ങളുടെ ഫലപ്രാപ്തി 5 മുതല്‍ 10 ശതമാനം വരെ മെച്ചപ്പെടുത്തുകയും ഉല്‍പാദനക്ഷമത 15 മുതല്‍ 20 ശതമാനം വരെ മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് അബ്ദുല്‍ ജബ്ബാര്‍ പറയുന്നു. 

അതിനു പുറമെ, ഹോട്ട്പാക്കിന്റെ പ്രക്രിയകള്‍ 100 ശതമാനം കടലാസ് രഹിതമാകുമെന്നും, മാനുഷികമായി നിര്‍വഹിച്ചു വന്നിരുന്ന ഡാറ്റാ എന്‍ട്രി പൂര്‍ണമായും ഒഴിവാക്കാന്‍ കമ്പനിയെ പ്രാപ്തമാക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു. 
ജര്‍മനിയിലെ അകാടെക്കില്‍ നിന്നുള്ള ആഗോള അംഗീകൃത ഇന്‍ഡസ്ട്രി 4.0 മെച്യൂരിറ്റി അസ്സെസ്‌മെന്റ് ഫ്രെയിംവര്‍ക്കിനെ അടിസ്ഥാനമാക്കി മാനുഫാക്ചററുടെ നിലവിലെ ഇന്‍ഡസ്ട്രി 4.0 ട്രാന്‍സ്ഫര്‍മേഷന്‍ മെച്യൂരിറ്റി ലെവല്‍ വിലയിരുത്തുന്നതിലൂടെ ഹോട്ട്പാക്കും മാക്‌സ്‌ബൈറ്റും പരിവര്‍ത്തന പ്രക്രിയ ആരംഭിക്കും. ഹോട്ട്പാക്ക് മാനുഫാക്ചറിംഗ് മൂല്യ ശൃംഖലയിലെ ഇന്‍ഡസ്ട്രി 4.0യുടെ പുരോഗതി വിലയിരുത്തല്‍ തിരിച്ചറിയുകയും അടുത്ത മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തേക്ക് പരിവര്‍ത്തന റോഡ്മാപ്പില്‍ എത്തിച്ചേരുകയും ചെയ്യും.
.

Share this Article