ആ​ഗോള ​ഗ്രാമം; അതിരുകളില്ലാത്ത ആനന്ദം

നാഷിഫ് അലിമിയാൻ


ലോകത്തിലെ ചെറുതും വലുതുമായ രാജ്യങ്ങൾ തോളോടു തോൾ ചേർന്നു നിൽക്കുന്നു. ഓരോ രാജ്യത്തിന്റെയും പ്രവേശന കവാടത്തിനപ്പുറം കാത്തിരിക്കുന്നത് ഷോപ്പിങ്ങിന്റെ വിസ്മയ ലോകം. എന്തും വാങ്ങാം, എങ്ങനെയും വാങ്ങാം. രുചിച്ചും മണത്തും അറിഞ്ഞും വാങ്ങാം. ഷോപ്പിങ്ങിനും അപ്പുറം ഓർത്തിരിക്കാൻ ഒരായിരം നിമിഷങ്ങൾ സമ്മാനിക്കും ഈ സന്ദർശനം. കാർണിവലിലെ കളിക്കോപ്പുകൾ സാഹസികതയുടെയും സാങ്കേതികത്തികവിന്റെയും സമ്മേളന സ്ഥലം കൂടിയാണ്. നടന്നു തളരുന്നവർക്ക് ഇരിക്കാം, ഇരുന്നു മടക്കുന്നവർക്കു കിടക്കാം. ക്ഷീണമുണ്ടെങ്കിൽ ജ്യൂസുകളാകാം, ഭക്ഷണങ്ങളാകാം. ഏതു രാജ്യത്തെ ഭക്ഷണവും ആഗ്രഹിക്കാം, ആസ്വദിക്കാം. ഗ്ലോബൽ വില്ലേജ് സഞ്ചാരികൾക്ക് സാധ്യതകളുടെ വിശാലകവാടം തുറന്നു സ്വാഗതം ചെയ്യുന്നു



ദുബൈ∙ ലോകത്തിലെ എല്ലാ വിസ്മയങ്ങളും ഒരു കുടക്കീഴിൽ അണിനിരത്തി ദുബൈ കാട്ടുന്ന വിസ്മയക്കാഴ്ച രണ്ടര പതിറ്റാണ്ടു കഴിഞ്ഞിട്ടും സന്ദർശകരുടെ മനംകവരുന്ന കാഴ്ചയായി മാറുന്നു. അതിർ വരമ്പുകളില്ലാത്ത ലോകം, അവിസ്മരണീയ കാഴ്ചകൾ, ഗ്ലോബൽ വില്ലേജ് സഞ്ചാരികളുടെ മനം കവരുകയാണ്. ലോക സഞ്ചാരത്തിന്റെ ഫലം ചെയ്യും ഈ ആഗോള ഗ്രാമം. ലോകത്തിലെ ചെറുതും വലുതുമായ രാജ്യങ്ങൾ തോളോടു തോൾ ചേർന്നു നിൽക്കുന്നു. ഓരോ രാജ്യത്തിന്റെയും പ്രവേശന കവാടത്തിനപ്പുറം കാത്തിരിക്കുന്നത് ഷോപ്പിങ്ങിന്റെ വിസ്മയ ലോകം. എന്തും വാങ്ങാം, എങ്ങനെയും വാങ്ങാം. രുചിച്ചും മണത്തും അറിഞ്ഞും വാങ്ങാം. ഷോപ്പിങ്ങിനും അപ്പുറം ഓർത്തിരിക്കാൻ ഒരായിരം നിമിഷങ്ങൾ സമ്മാനിക്കും ഈ സന്ദർശനം. കാർണിവലിലെ കളിക്കോപ്പുകൾ സാഹസികതയുടെയും സാങ്കേതികത്തികവിന്റെയും സമ്മേളന സ്ഥലം കൂടിയാണ്. നടന്നു തളരുന്നവർക്ക് ഇരിക്കാം, ഇരുന്നു മടക്കുന്നവർക്കു കിടക്കാം. ക്ഷീണമുണ്ടെങ്കിൽ ജ്യൂസുകളാകാം, ഭക്ഷണങ്ങളാകാം. ഏതു രാജ്യത്തെ ഭക്ഷണവും ആഗ്രഹിക്കാം, ആസ്വദിക്കാം. ഗ്ലോബൽ വില്ലേജ് സഞ്ചാരികൾക്ക് സാധ്യതകളുടെ വിശാലകവാടം തുറന്നു സ്വാഗതം ചെയ്യുന്നു. 



രുചിക്കാം വൈവിധ്യങ്ങൾ
ലോകത്തിലെ മുഴുവൻ രുചികളും തനതുസ്വാദോടെ നുകരാൻ ആ​ഗോളതലത്തിൽ ​ഗ്ലോബൽ വില്ലേജ് അല്ലാതെ മറ്റൊരു കേന്ദ്രമുണ്ടാകില്ല. തനതുവിഭവങ്ങൾ മാത്രമല്ല, അന്യംനിന്നു പോകുന്ന രുചിക്കൂട്ടുകളും പരമ്പരാ​ഗത ഭക്ഷണങ്ങളും ഒപ്പം നാടൻ തെരുവു ഭക്ഷണങ്ങൾ വരെ വിളമ്പിയാണ് സ്വാദു തേടിയെത്തുന്നവരെ ആ​ഗോള ​ഗ്രാമം ആനന്ദിപ്പിച്ചത്. ലോകത്തിലെ മുഴുവൻ രുചികളും വിളമ്പുന്ന വലിയൊരു തളികയാണ് ​ഗ്ലോബൽ വില്ലേജ് എന്നാണ് ഇന്ത്യയിൽ നിന്നെത്തിയ ഫുഡ് ​വ്ലോ​ഗർ ആയിഷ ഫർഹാന പ്രതികരിച്ചത്.



പവലിയനുകൾ
കൊറിയ, ബഹ്റൈൻ, കുവൈത്ത്, പലസ്തീൻ, ഒമാൻ, ഖത്തർ, അൽ സനാ, ഖലീഫ ഫൗണ്ടേഷൻ, ഇറാൻ, സിറിയ, ലബനൻ, റഷ്യ, സൗദി അറേബ്യ, തായ്‌ലൻഡ്, യൂറോപ്പ്, യമൻ, ഈജിപ്ത്, മൊറോക്കോ, അമേരിക്ക, അഫ്ഗാനിസ്ഥാൻ, തുർക്കി, ജപ്പാൻ, ആഫ്രിക്ക, യുഎഇ, ചൈന, പാക്കിസ്ഥാൻ, ഇന്ത്യ എന്നീ പവലിയനുകളാണ് ഗ്ലോബൽ വില്ലേജിലുള്ളത്. ഏപ്രിൽ 29വരെ ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കും. ഞായർ മുതൽ ബുധൻ വരെ വൈകുന്നേരം 4 മുതൽ രാത്രി 12 വരെയും വ്യാഴം മുതൽ ശനിവരെ വൈകുന്നേരം 4 മുതൽ രാത്രി 1 മണിവരെയും ഗ്ലോബൽ വില്ലേജ് സന്ദർശിക്കാം. 



ധരിക്കാം വിസ്മയം നിറയുന്ന വസ്ത്രങ്ങൾ 
ജപ്പാന്റെ കിമോണയും കശ്മീരിന്റെ പഷ്മിനയും ഇവിടെ ലഭിക്കും. തായ്‌ലൻഡിലെയും അമേരിക്കയിലും വേഷവിധാനങ്ങൾ യഥേഷ്ടം വാങ്ങാം. അബായയിൽ എംബ്രോയിഡറി വർക്കിൽ ഒരു പൂക്കാലം തന്നെ സൃഷ്ടിച്ചിരിക്കുന്നു. പരമ്പരാഗത കറുത്ത അബായയ്ക്കു പുറമെ വിവിധ വർണങ്ങളിലും അബായ തയാറാക്കിയിരിക്കുന്നു. തണുപ്പിനെ തോൽപ്പിക്കാൻ നല്ല പതുപതുത്ത കുപ്പായങ്ങൾ. അഫ്ഗാനിൽ നിന്നും സിറിയയിൽ നിന്നും ഇന്ത്യയിൽ നിന്നും രോമക്കുപ്പായങ്ങൾ എത്തിയിട്ടുണ്ട്. ഒമാനികളുടെ പരമ്പരാഗത വേഷത്തിനു രാജകീയ പ്രൗഡി. ചൈനയും ആഫ്രിക്കയും അവരുടെ പ്രാദേശിക വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. പിറന്നു വീണ കുട്ടികൾ മുതൽ മുതർന്നവർക്കു വരെയുള്ള എല്ലാത്തരം വസ്ത്രങ്ങളും ഇവിടെ ലഭ്യം. വില പേശാം ഇഷ്ടം പോലെ വാങ്ങാം. ഹൈദരാബാദ്, ഗുജറാത്ത്, കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ള കൈത്തറിക്കാർ ഇന്ത്യൻ പവലിയനിലുണ്ട്. ഗ്ലോബൽ വില്ലേജ് ഒരു വലിയ വസ്ത്രശാല പോലെ വിശാലം. 



പകിട്ടാർന്ന പുതുവർഷം 
7 സമയ മേഖലകളിൽ പുതുവർഷം ആഘോഷിച്ചാണ് ഗ്ലോബൽ വില്ലേജ് സഞ്ചാരികൾക്ക് വിസ്മയം തീർത്ത്. 31ന് രാത്രി 8 മുതൽ പുതുവൽസരാഘോഷം തുടങ്ങിയിരുന്നു. 8നു ഫിലിപ്പീൻസിനൊപ്പമാണ് പുതുവർഷം ആരംഭിച്ചത്. 9ന് തായ്‌ലൻഡിന്റെ പുതുവർഷം, 10ന് ബംഗ്ലാദേശും, 10.30ന്, ഇന്ത്യയും 11ന് പാക്കിസ്ഥാനും 12ന് യുഎഇയും 1 മണിക്ക് തുർക്കിയും പുതുവൽസരം ആഘോഷിച്ചു. ഒരു രാത്രിയിൽ 7 പുതുവൽസര ആഘോഷങ്ങൾ. ഓരോ രാജ്യത്തുംപുതുവത്സരം എത്തുമ്പോൾ ആഘോഷത്തിമിർപ്പായിരുന്നു ആ​ഗോള ​ഗ്രാമമായി ​ഗ്ലോബൽ‍ വില്ലേജിൽ ഡാൻസ്, ഡിജെ ഉൾപ്പെടെ വമ്പൻ ആഘോഷ പരിപാടികളാണ് അണിയറയിൽ ഒരുക്കിയിരിക്കുന്നത്. 



കല പരക്കുന്ന വൈകുന്നേരങ്ങൾ 
ബോളിവുഡ് പോപ് ഗായിക നേഹാ കക്കറാണ് ഇത്തവണ മുഖ്യ ആകർഷണം. 21ന് രാത്രി 8ന് അവർ ഗ്ലോബൽ വില്ലേജിനെ ഇളക്കിമറിക്കാനെത്തും. ഓരോ പവലിയനുകളിലും അതതു രാജ്യത്തിന്റെ കലാപരിപാടികൾ അവതരിപ്പിക്കുന്നുണ്ട്. രാത്രിയിയിലെ നയനാനന്ദകരമായ കാഴ്ചകൾക്ക് തുടക്കമിട്ട് നടത്തുന്ന വെടിക്കെട്ടാണ് മറ്റൊരു ആകർഷണം. സംഗീതത്തിന്റെ അകമ്പടിയോടു കൂടിയ വെടിക്കെട്ടിന് എല്ലാ വെള്ളി, ശനി ദിവസങ്ങളിൽ ഗ്ലോബൽ വില്ലേജ് സാക്ഷ്യം വഹിക്കും. രാത്രി 9ന് വെടിക്കെട്ട് തുടങ്ങും. 

സൗകര്യങ്ങൾ ആവോളം
പാർക്ക് ചെയ്യുന്ന വാഹനങ്ങൾ കഴുകാം, കുട്ടികളുമായി എത്തുന്നവർക്ക് ആവശ്യമായ സൗകര്യം ലഭ്യമാണ്, ട്രോളികളുമായി ഒപ്പം വരാൻ പോർട്ടർമാർ ഉണ്ടാവും, ഫ്രീ വൈഫൈ, ശുചിമുറികൾ, ഇലക്ട്രിക് ബഗികൾ, ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് ചക്ര കസേരകൾ, ലണ്ടൻ ബസ്, ട്രാമുകൾ തുടങ്ങിയവ സന്ദർശകരുടെ സൗകര്യാർഥം ഗ്ലോബൽ വില്ലേജിൽ ലഭ്യമാണ്. ഇതിനു പ്രത്യേകം പണം നൽകണമെന്നു മാത്രം.

.

Share this Article