മൂന്ന് മണിക്കൂർ; സൗദി പതാകദിനത്തിൽ പുതുചരിത്രമെഴുതി ലുലു

നാഷിഫ് അലിമിയാൻ


ഏകദേശം മൂന്ന് മണിക്കൂർ സമയം കൊണ്ട് ലുലു ജീവനക്കാർ  പ്രഥമ സൗദി പതാക ദിനാഘോഷത്തിൽ എഴുതി ചേർത്തത് ചരിത്രം. ലുലു ഹൈപ്പർമാർക്കറ്റിലെ ആയിരത്തിലധികം സൗദി പൗരന്മാരായ സ്ത്രീ, പുരുഷ ജീവനക്കാർ അണിചേർന്നാണ് 18 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലും സൗദി അറേബ്യയുടെ ദേശീയ പതാക സൃഷ്ടിച്ചത്

റിയാദ്: സൗദി അറേബ്യയുടെ പ്രഥമ സൗദി പതാക ദിനാഘോഷത്തിൽ വിസ്മയകരമായി ലുലു ജീവനക്കാർ ഒരുക്കിയ ഏറ്റവും വലിയ ‘മാനവീയ പതാക’. ലുലു ഹൈപ്പർമാർക്കറ്റിലെ ആയിരത്തിലധികം സൗദി പൗരന്മാരായ സ്ത്രീ, പുരുഷ ജീവനക്കാർ അണിചേർന്നാണ് 18 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലും സൗദി അറേബ്യയുടെ ദേശീയ പതാക സൃഷ്ടിച്ചത്. 



സൗദി അറേബ്യ ശനിയാഴ്ചയാണ് പതാക ദിനമായി ആചരിച്ചത്. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ നിര്‍ദേശപ്രകാരം ഈ വര്‍ഷം മുതലാണ് രാജ്യത്ത് പതാക ദിനം ആചരിച്ച് തുടങ്ങിയത്. 1937 മാർച്ച് 11-ന് (1335 ദുല്‍ഹജ്ജ് 27) അബ്ദുൽ അസീസ് രാജാവ് സൗദി പതാകക്ക് അംഗീകാരം നൽകിയ ദിവസമെന്ന നിലയ്ക്കാണ് ഈ ദിവസം പതാക ദിനമായി ആചരിക്കാൻ തീരുമാനിച്ചത്.


ദമ്മാം സിഹാത്തിലെ ഖലീജ് ഫുട്ബാൾ ക്ലബ്ബ് സ്റ്റേഡിയത്തിലായിരുന്നു മനുഷ്യർ അണിചേർന്ന് സൗദിയുടെ ഹരിത പതാകയായി മാറിയത്. കൃത്യമായ ആസൂത്രണവും പരിശീലനവും കൊണ്ടാണ് സംഘാടകരായ ലുലു മാനേജ്‍മെന്റിന് ഈ വിസ്മയ പ്രദർശനം സാക്ഷാത്കരിക്കാനായത്. ഏകദേശം മൂന്ന് മണിക്കൂർ സമയം കൊണ്ട് ലുലു ജീവനക്കാർ പതാകയുടെ ആകൃതിയിലും നിറത്തിലും ഒന്നിച്ച് ചേർന്ന് ഈ ചരിത്രമുഹൂർത്തം പൂർത്തിയാക്കി. പ്രശസ്ത ഇന്ത്യൻ ചിത്രകാരനും മലയാളിയുമായ ഡാവിഞ്ചി സുരേഷ് ആണ് മാനവീയ പതാകയൊരുക്കാൻ കലാപരമായ നേതൃത്വം നൽകിയത്.

.

Share this Article