സാമ്പത്തിക കരാർ വിജയം; ഇന്ത്യ-യു.എ.ഇ വ്യാപാരത്തിൽ നേട്ടം

സ്വന്തം ലേഖകൻ


ലുലു ഗ്രൂപ്പ് സി.ഇ.ഒ സൈഫീ രൂപവാലയും ഫിക്കി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ നിരങ്കർ സക്‌സേനയും തമ്മിൽ ധാരണ പത്രം ഒപ്പുവെച്ചു. ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്കുള്ള ഇറക്കുമതി വർധിപ്പിക്കുന്നതിനാണ് കരാർ

ദുബൈ: ഇന്ത്യ -യു.എ.ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ ഒന്നാം വാർഷികം ദുബൈയിൽ ആഘോഷിച്ചു. യുഎ.ഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി അൽ സെയൂദി, ഇന്ത്യൻ അംബാസഡർ സഞ്ജയ്‌സുധീർ, ബിസിനസ് രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു. 2022 ഫെബ്രുവരി 18നാണ് ഇരു രാജ്യങ്ങളും തമ്മിൽ കരാർ ഒപ്പുവെച്ചത്. കരാർ ഒപ്പുവെച്ച് ഒരു വർഷം പിന്നിടുമ്പോൾ എണ്ണയിതര വ്യാപാര ഇടപാടിൽ 10 ശതമാനം വളർച്ച നേടിയതായി മന്ത്രി താനി അൽ സെയൂദി പറഞ്ഞു.

ഇന്ത്യ -യു.എ.ഇ ഉഭയകക്ഷി വ്യാപാര രംഗത്ത് മികച്ച നേട്ടം. ഇരു രാജ്യങ്ങളും തമ്മിൽ സമഗ്ര സാമ്പത്തിക കരാറിന് രൂപം നൽകിയതോടെ കയറ്റിറക്കുമതിയിൽ മികച്ച വർധനയാണ് നേടാനായത്. ഉഭയകക്ഷ വ്യാപാരവുമായി ബന്ധപ്പെട്ട സാധ്യതകൾ വലുതാണെന്ന് ദുബൈയിൽ ചേർന്ന യോഗം വിലയിരുത്തി.

എണ്ണയിതര വ്യാപാരം 50 ശതകോടി ഡോളറിന് അടുത്തെത്തി. 2030ഓടെ 100 ശതകോടി ഡോളർ എന്ന ലക്ഷ്യത്തിലെത്തുമെന്നാണ് പ്രതീക്ഷ. യു.എസും യൂറോപ്പും ചൈനയും കഴിഞ്ഞാൽ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ ഉയരുകയാണെന്നും മന്ത്രി താനി അൽ സയൂദി കൂട്ടിചേർത്തു.

ചടങ്ങിൽ ലുലു ഗ്രൂപ്പ് സി.ഇ.ഒ സൈഫീ രൂപവാലയും ഫിക്കി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ നിരങ്കർ സക്‌സേനയും തമ്മിൽ ധാരണ പത്രം ഒപ്പുവെച്ചു. ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്കുള്ള ഇറക്കുമതി വർധിപ്പിക്കുന്നതിനാണ് കരാർ. ഇത് പ്രകാരം ഇന്ത്യയിൽ നിന്നുള്ള പുതിയ കമ്പനികളെയും ഉൽപന്നങ്ങളെയും പ്രോൽസാഹിപ്പിക്കുന്നതിന് ഫിക്കിയുമായി ചേർന്ന് ലുലു ഗ്രൂപ്പ് പ്രവർത്തിക്കും. ഇന്ത്യയിൽ നിന്ന് ലുലു ഗ്രൂപ്പിൻറെ 247 ഹൈപ്പർമാർക്കറ്റുകളിലേക്കും സൂപ്പർ മാർക്കറ്റിലേക്കും 8000 കോടി രൂപയുടെ വസ്തുക്കൾ ഇറക്കുമതി ചെയ്തതായി സൈഫീ രൂപവാല പറഞ്ഞു. ലുലു ഗ്രൂപ്പ് ഡയറക്ടർ എം.എ. സലീം, മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ, ദുബൈ മേഖല ഡയറക്ടർ ജെയിംസ് വർഗീസ് എന്നിവരും പങ്കെടുത്തു.
.

Share this Article