അരോമയുടെ ഇരുപതാം വാർഷികാഘോഷം ഞായറാഴ്ച ദുബൈയിൽ

സ്വന്തം ലേഖകൻ


അന്‍വർസാദത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്യും. നടൻ നിവിന്‍ പോളി മുഖ്യാതിഥിയായി പങ്കെടുക്കും. പരിപാടിയിൽ അരോമയുടെ 'ഭവനമില്ലാത്തവർക്ക് ഭവനം' എന്ന പദ്ധതിയുടെ രൂപരേഖ അവതരിപ്പിക്കും

ദുബൈ: യുഎഇയിലെ ആലുവ നിവാസികളുടെ കൂട്ടായ്മയായ ആലുവ റസിഡൻസ് ഓവർസീസ് മലയാളീസ് അസോസിയേഷൻ 'അരോമ'യുടെ ഇരുപതാം വാർഷികാഘോഷം ഞായറാഴ്ച നടക്കും. ദുബൈ ശൈഖ് റാഷിദ് ഓഡിറ്റോറിയത്തിൽ വൈകുന്നേരം 3 മണി മുതൽ ആരംഭിക്കുന്ന പരിപാടി ആലുവ എംഎൽഎ അൻവർ സാദത്ത് ഉദ്ഘാടനം ചെയ്യും. സിനിമാതാരം നിവിൻപോളി മുഖ്യാതിഥിയായിരിക്കും. അരോമ പ്രസിഡന്‍റ് സിദ്ധീഖ് മുഹമ്മദിൻറെ അധ്യക്ഷതയില്‍ നടക്കുന്ന പരിപാടിയില്‍ ജനറൽ സെക്രട്ടറി നാദിർഷാ അലി അക്ബർ അരോമയുടെ 'ഭവനമില്ലാത്തവർക്ക് ഭവനം' എന്ന പദ്ധതിയുടെ രൂപരേഖ അവതരിപ്പിക്കും.

വാ‍ർഷികാഘോഷത്തിന്‍റെ ഭാഗമായി ‘ഭവനമില്ലാത്തവർക്ക് ഭവനം’ എന്ന പദ്ധതിയിലൂടെ, നിർധനരായ 9 പേർക്ക് വീടുവച്ചു നല്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടക്കുകയാണ്. 20 സെൻറ് സ്ഥലത്ത് എല്ലാ സൗകര്യങ്ങളോടും കൂടിയ 9 ഫ്ലാറ്റുകൾ നിർമ്മിക്കുമെന്നും സംഘാടകർ അറിയിച്ചു. സിനിമാ പിന്നണി ഗായകരായ അമൃത സുരേഷ്, മുഹമ്മദ് അഫ്സൽ, സുമി അരവിന്ദ്, നീതു ജിനു, ബൈജു ഫ്രാൻസിസ്, അക്ബർഷാ തുടങ്ങിയവരുടെ ഗാനമേളയും പോപ്പുലർ കോമഡി ഷോയായ മറിമായത്തിലെ എല്ലാ കലാകാരന്മാരും അണിനിരക്കുന്ന സ്കിറ്റുകളും സിനിമ-ടെലിവിഷൻ താരം ഡയാന നയിക്കുന്ന നൃത്തപരിപാടികളും അരങ്ങേറും.

ഋഷിരാജ് സിംഗ് ഐപിഎസ്, ഐജി. പി. വിജയൻ ഐപിഎസ്, ഡോ.എം.ബീന ഐഎഎസ്, അഡ്വ. വൈ. എ റഹിം, മുഹമ്മദ് കെ മക്കാർ, മൊയ്തീൻ അബ്ദുൽ അസീസ് തുടങ്ങിയവർ ആശംസകൾ നേരും. ജനറൽ കൺവീനർ ഷിഹാബ് മുഹമ്മദ് സ്വാഗതവും വനിതാ വിഭാഗം പ്രസിഡന്‍റ് ഫെബിൻ ഷിഹാബ് നന്ദിയും പറയുമെന്ന് സംഘാടകർ വാർത്താസമ്മേളത്തില്‍ അറിയിച്ചു.സാമൂഹ്യപ്രവർത്തന രംഗത്ത് സജീവമാണ് അരോമ. ആലുവയിലെ സർക്കാർ ആശുപത്രിയിൽ സൗജന്യ ഡയാലിസിസിനായി മൂന്നു ഡയാലിസിസ് മെഷീനുകൾ നല്കി. നിർധനരായ 11 പെൺകുട്ടികൾക്ക് 10 പവൻ സ്വർണ്ണാഭരണങ്ങളും 50,000 രൂപയും വിവാഹപ്പുടവയും നല്കി.വെളളപ്പൊക്കദുരിതകാലത്ത് ഭക്ഷ്യവസ്തുക്കളും വസ്ത്രവുമുൾപ്പെടെ, ഒരു കോടിയോളം രൂപയുടെ ദുരിതാശ്വാസം അരോമ നല്കി. കോവിഡ് കാലത്ത് നാട്ടിലും ഗൾഫിലും നിരവധി കാരുണ്യപ്രവർത്തനങ്ങളും അരോമയുടെ നേതൃത്വത്തില്‍ നടത്തി.
.

Share this Article