സിനിമ കാണുന്നവരെല്ലാം ഫാൻസാണെന്ന് മമ്മൂട്ടി

സ്വന്തം ലേഖകൻ


സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ഏറെ പ്രധാന്യമുളള സിനിമയാണ് ക്രിസ്റ്റഫർ. പുരുഷ കഥാപാത്രങ്ങളേക്കാള്‍ കൂടുതല്‍ സ്ത്രീ കഥാപാത്രങ്ങളുളള സിനിമയാണ് ഇത്. സ്ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങളെ കുറിച്ചും, അത് പ്രതിരോധിക്കുന്നതിനെ കുറിച്ചുമുളള സിനിമയാണിതെന്നും മമ്മൂട്ടി വ്യക്തമാക്കി


ദുബൈ: ഫാന്‍സ് എന്ന പ്രയോഗം തന്നെ തനിക്ക് വിഷമമുണ്ടാക്കുന്നുവെന്നും സിനിമ കാണുന്നവരെല്ലാം ഫാന്‍സാണെന്നും നടൻ മമ്മൂട്ടി. സിനിമ എല്ലാവർക്കും വേണ്ടിയുളളതാണ്, അല്ലാതെ സിനിമ നിലനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്റ്റഫർ സിനിമയുടെ റിലീസിന് മുന്നോടിയായി ദുബൈയില്‍ മാധ്യമപ്രവർത്തകരോട് സംവദിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ഏറെ പ്രധാന്യമുളള സിനിമയാണ് ക്രിസ്റ്റഫർ. പുരുഷ കഥാപാത്രങ്ങളേക്കാള്‍ കൂടുതല്‍ സ്ത്രീ കഥാപാത്രങ്ങളുളള സിനിമയാണ് ഇത്. സ്ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങളെ കുറിച്ചും, അത് പ്രതിരോധിക്കുന്നതിനെ കുറിച്ചുമുളള സിനിമയാണിതെന്നും ദുബൈയില്‍ അദ്ദേഹം പറഞ്ഞു. നന്‍പകല്‍ നേരത്ത് മയക്കത്തിന് ശേഷം മമ്മൂട്ടി നായകനായെത്തുന്ന സിനിമയാണ് ക്രിസ്റ്റഫർ.ക്രിസ്റ്റഫർ എന്ന സിനിമയിലെ കഥാപാത്രം ചോദിച്ച് വാങ്ങിയതാണെന്ന് നടി ഐശ്വര്യലക്ഷ്മി പറഞ്ഞു. മമ്മൂക്കയുടെ കൂടെ അഭിനയിക്കാനും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുമായാണ് ഈ സിനിമയിലെ കഥാപാത്രം ചോദിച്ച് വാങ്ങിയതെന്നും ഐശ്വര്യലക്ഷ്മി പറഞ്ഞു. പണ്ട് കാലത്തെ സിനിമാ ഷൂട്ടിംഗിന്‍റെ കാര്യങ്ങളൊക്കെ അദ്ദേഹം പറയും. ഒരു മാസ്റ്റർ ക്ലാസില്‍ പങ്കെടുക്കുന്നത് പോലെയാണ് ക്രിസ്റ്റഫറിന്‍റെ ലൊക്കേഷന്‍ തനിക്ക് അനുഭവപ്പെട്ടതെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

വിമർശനങ്ങളുടെ നല്ലതും ചീത്തയും അന്വേഷിച്ച് പോയിട്ട് കാര്യമില്ല.എന്നാല്‍ വിമർശങ്ങള്‍ പരിഹാസങ്ങളാകരുത്. അതിരു വിട്ടുപോകുന്നത് അവിടെയാണെന്നാണ് തനിക്ക് തോന്നുന്നതെന്നും മമ്മൂട്ടി പറഞ്ഞു. പുതിയ ചിത്രമായ കണ്ണൂർ സ്ക്വാഡ് എന്ന സിനിമയുടെ പേര് അബദ്ധവശാല്‍ താന്‍ പറഞ്ഞുപോയതാണ്. എന്നാല്‍ ഇനി പേര് മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. ചിത്രത്തിന്‍റെ പേരിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മമ്മൂട്ടിക്കൊപ്പം സ്നേഹയും ഐശ്വര്യലക്ഷ്മിയും രമ്യസുരേഷും ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ചെയർമാന്‍ അബ്ദുള്‍ സമദും ദേര വോക്സില്‍ നടന്ന വാർത്താസമ്മേളത്തില്‍ പങ്കെടുത്തു. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് റീജണൽ മാനേജർ ആർജെ. സൂരജ്, ഡയറക്ടർ റാഷിദ്, ഫെബിൻ ആരിഫ്, ഹാഷിഫ്, ഫാരിഷ്, ഷമീർ എന്നിവരും സംബന്ധിച്ചു.

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറില്‍ സ്നേഹ, ഐശ്വര്യലക്ഷ്മി, അമലാ പോള്‍, ശരത് കുമാർ, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഫെബ്രുവരി മൂന്നിന് വൈകീട്ട് ആറുമണിക്ക് യു.എ.ഇയിലെ ആരാധകർക്കായി ദുബൈ അറേബ്യന്‍ സെന്‍ററിൽ താരങ്ങളുടെ സാന്നിദ്ധ്യത്തില്‍ ചിത്രത്തിന്‍റെ ഗ്ലോബല്‍ ലോഞ്ച് നടക്കും. ഫെബ്രുവരി 9നാണ് ചിത്രം തിയറ്ററുകളിലെത്തുക.
.

Share this Article