എല്ലാ വഴികളും ഷാർജയിലേക്ക്; പുസ്തകന​ഗരി നിറഞ്ഞുകവിഞ്ഞു

സ്വന്തം ലേഖകൻ


രാവിലെ യു.എ.ഇ.യിലെ വിദ്യാർഥികളുടെ തിരക്കാണ്. സ്കൂൾ, കോളേജ് ബസുകളിൽ വിദ്യാർഥികളും അധ്യാപകരും ഒരുമിച്ചെത്തി സാംസ്കാരികപരിപാടികൾ വീക്ഷിക്കുകയും ഇഷ്ടപുസ്തകങ്ങൾ തിരഞ്ഞെടുക്കുകയും ചെയ്യുന്നു. കുട്ടികളുടെ കൃതികൾ എല്ലാസ്റ്റാളുകളിലും നന്നായി വിറ്റഴിയുന്നുണ്ട്. ഉച്ചയ്ക്കുശേഷമാണ് കുടുംബങ്ങളായെത്തുന്നവർ ഭൂരിഭാഗവും. കുടുംബങ്ങളിലും മലയാളികൾതന്നെ കൂടുതൽ. മേള നടക്കുന്ന പവിലിയനുകളിൽ ഏഴുത്തും വായനയും പ്രോത്സാഹിപ്പിക്കുന്ന ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ഖാസിമി നിറഞ്ഞുനിൽക്കുന്ന പ്രതീതിയാണുളവാക്കുന്നത്. സുൽത്താന്റെ കൃതികളുടെ മലയാള വിവർത്തനങ്ങളും വാങ്ങുന്നവരേറെയാണ്


ഷാർജ: വായനയുടെ സുഖംതേടിയെത്തുന്നവരുടെ വലിയതിരക്കാണ് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ അനുഭവപ്പെടുന്നത്. മേള ആരംഭിച്ച് അഞ്ചുദിവസം പിന്നിടുമ്പോൾത്തന്നെ ലക്ഷക്കണക്കിന് ആളുകളാണ് എക്സ്‌പോ സെന്ററിൽ വന്നുപോയത്. ഇന്ത്യൻ സ്റ്റാളുകളുള്ള ഏഴാംനമ്പർ ഹാളിലാണ് വായനക്കാരുടെ തിരക്കേറെയുള്ളത്. അറബ് വായനക്കാർ കഴിഞ്ഞാൽ വായനതേടിയെത്തുന്നവരിൽ മലയാളികൾതന്നെ മുമ്പിൽ. രാവിലെ യു.എ.ഇ.യിലെ വിദ്യാർഥികളുടെ തിരക്കാണ്. സ്കൂൾ, കോളേജ് ബസുകളിൽ വിദ്യാർഥികളും അധ്യാപകരും ഒരുമിച്ചെത്തി സാംസ്കാരികപരിപാടികൾ വീക്ഷിക്കുകയും ഇഷ്ടപുസ്തകങ്ങൾ തിരഞ്ഞെടുക്കുകയും ചെയ്യുന്നു. കുട്ടികളുടെ കൃതികൾ എല്ലാസ്റ്റാളുകളിലും നന്നായി വിറ്റഴിയുന്നുണ്ട്. ഉച്ചയ്ക്കുശേഷമാണ് കുടുംബങ്ങളായെത്തുന്നവർ ഭൂരിഭാഗവും. കുടുംബങ്ങളിലും മലയാളികൾതന്നെ കൂടുതൽ. മേള നടക്കുന്ന പവിലിയനുകളിൽ ഏഴുത്തും വായനയും പ്രോത്സാഹിപ്പിക്കുന്ന ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ഖാസിമി നിറഞ്ഞുനിൽക്കുന്ന പ്രതീതിയാണുളവാക്കുന്നത്. ശൈഖ് സുൽത്താൻ എഴുതിയതും അദ്ദേഹത്തെക്കുറിച്ചുള്ള മറ്റുള്ളവരുടെ രചനകളും വിവിധ സ്റ്റാളുകളിൽ ലഭ്യമാണ്. മേള ആരംഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴും ശൈഖ് സുൽത്താന്റെ കൃതികൾക്ക് ആവശ്യക്കാരേറിവരുകയാണെന്ന് പ്രസാധകരും പറയുന്നു. സുൽത്താന്റെ കൃതികളുടെ മലയാള വിവർത്തനങ്ങളും വാങ്ങുന്നവരേറെയാണ്.

ഈവർഷത്തെ ഷാർജ പുസ്തകമേള ആരംഭിച്ചതിനുശേഷം ഏറ്റവുംകൂടുതൽ മലയാളകൃതികൾ പ്രകാശനംചെയ്തത് എഴുത്തുകാരൻ കെ.പി. രാമനുണ്ണിയാണ്. മേളയുടെ തുടക്കംമുതലുള്ള രാമനുണ്ണി അദ്ദേഹത്തിന്റെ കൃതികളടക്കം നിരവധി പ്രകാശനങ്ങളിൽ പങ്കെടുത്തുകഴിഞ്ഞു. എഴുത്തും വായനയും സുഖമുള്ള അനുഭവമാണെന്ന് ഷാർജ പുസ്തകമേളയിൽ പങ്കെടുക്കുമ്പോൾ തിരിച്ചറിയുന്നുവെന്ന് രാമനുണ്ണി പറഞ്ഞു. കേരളത്തിൽനിന്നുള്ള രാഷ്ട്രീയനേതാക്കളും തങ്ങളുടെ പുസ്തകങ്ങളുമായി ഈവർഷത്തെ മേളയിലും സജീവമായി പങ്കെടുക്കുന്നു. കോൺഗ്രസ് നേതാക്കളായ ടി.എൻ. പ്രതാപൻ എം.പി., യു.ഡി.എഫ്. കൺവീനർ എം.എം. ഹസൻ, സി.പി.ഐ. നേതാവ് സി. ദിവാകരൻ എന്നിവരുടെ കൃതികളും പ്രകാശനംചെയ്തു. പ്രതിപക്ഷനേതാവ് വി.ഡി. സതീശനും വരുംദിവസങ്ങളിൽ മേള സന്ദർശിക്കും. ജീവകാരുണ്യപ്രവർത്തകൻ ഫാ. ഡേവിസ് ചിറമ്മലിനെക്കുറിച്ചുള്ള കൃതിയും ഞായറാഴ്ച പ്രകാശനം ചെയ്തു.
.

Share this Article