ആസ്റ്റര്‍ ഫാര്‍മസികള്‍ ഇനി സൗദി അറേബ്യയിലും

സ്വന്തം ലേഖകൻ


250ലധികം ഫാര്‍മസികള്‍ ആരംഭിക്കുന്നതിന് അല്‍ ഹൊകൈര്‍ ഹോള്‍ഡിംഗ് ഗ്രൂപ്പുമായി കരാറിലേര്‍പ്പെട്ടു. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ റീട്ടെയില്‍ വിഭാഗമായ ആസ്റ്റര്‍ ഫാര്‍മസി, സൗദി അറേബ്യയില്‍ ഫാര്‍മസികള്‍ സ്ഥാപിക്കുന്നതിനും, പ്രവര്‍ത്തിപ്പിക്കുന്നതിനുമായി അല്‍ ഹൊകൈര്‍ ഹോള്‍ഡിംഗ് ഗ്രൂപ്പുമായി ദീര്‍ഘകാല സംയുക്ത സംരംഭ കരാറില്‍ ഏര്‍പ്പെട്ടു
 
ദുബൈ: ജിസിസിയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ സംയോജിത ആരോഗ്യ പരിരക്ഷാ ദാതാക്കളിലൊന്നായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ ആസ്റ്റര്‍ ഫാര്‍മസി ഡിവിഷന്‍, സൗദി അറേബ്യയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. യുഎഇയിലെ പ്രമുഖ ഫാര്‍മസി ശൃംഖലയായ ആസ്റ്റര്‍ ഫാര്‍മസി, ഈ പങ്കാളിത്തത്തിലൂടെ 5 വര്‍ഷത്തിനുള്ളില്‍ 250ലധികം സ്റ്റോറുകള്‍ സൗദി അറേബ്യയില്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ ലക്ഷ്യമിടുന്നു. പോഷകാഹാരം, ശിശു സംരക്ഷണം, ചര്‍മ്മ സംരക്ഷണം, ഹോം ഹെല്‍ത്ത് കെയര്‍ തുടങ്ങിയ ശ്രേണികളിലൂടനീളം ഫാര്‍മസ്യൂട്ടിക്കല്‍, വെല്‍നസ് ഉല്‍പ്പന്നങ്ങളുടെ വിതരണം വ്യാപിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും. 

ഈ സംയുക്ത സംരംഭ ഉടമ്പടിയിലൂടെ, സൗദി അറേബ്യയിലെ പ്രാദേശിക ജനതയുടെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ആസ്റ്റര്‍ ഫാര്‍മസിയുടെ ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാന്‍ ഇരു പങ്കാളികളും ചേര്‍ന്ന് പ്രവര്‍ത്തിക്കും. 
രാജ്യത്തിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമായ റിയാദില്‍ തുടങ്ങി, സൗദി അറേബ്യയിലെ ഹൈ സ്ട്രീറ്റുകളിലും, കമ്മ്യൂണിറ്റികളിലും ഷോപ്പിങ്ങ് മാളുകളിലും ഫാര്‍മസികള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ഈ പങ്കാളിത്തകരാര്‍ പദ്ധതിയിടുന്നു. രണ്ടാം ഘട്ടമെന്ന നിലയില്‍, സൗദി വിഷന്‍ 2030-നെ പിന്തുണയ്ക്കുന്നതിനായി രാജ്യത്തിനുള്ളില്‍ ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മ്മാണ സംവിധാനങ്ങള്‍ സ്ഥാപിക്കാനും ആസ്റ്റര്‍ ലക്ഷ്യമിടുന്നു.
 
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന് കീഴില്‍ നിലവില്‍ ഇന്ത്യയിലും ജിസിസിയിലും ജോര്‍ദനിലുമായി 446 ഫാര്‍മസികളാണ് പ്രവര്‍ത്തിക്കുന്നത്. യുഎഇയിലെ ബ്രാന്‍ഡ് ലൈസന്‍സ് കരാര്‍ പ്രകാരം ആല്‍ഫവണ്‍ റീട്ടെയില്‍ ഫാര്‍മസീസ് പ്രൈവറ്റ് ലിമിറ്റഡിന് കീഴില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന 201 ഫാര്‍മസികള്‍ ഉള്‍പ്പെടെയാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ രേഖകള്‍ പ്രകാരം, ആസ്റ്റര്‍ ഫാര്‍മസി യൂണിറ്റുകളിലുടനീളം 8 ദശലക്ഷം സന്ദര്‍ശകരാണ് എത്തിയിട്ടുളളത്.
 
2016-ല്‍ റിയാദിലെ ആസ്റ്റര്‍ സനദ് ഹോസ്പിറ്റലിലൂടെയാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ സൗദി അറേബ്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചതെന്ന് ഈ സന്ദര്‍ഭത്തില്‍ സംസാരിച്ച ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോക്ടര്‍ ആസാദ് മൂപ്പന്‍ പറഞ്ഞു. ജിസിസിയിലെ ഏറ്റവും വലുതും, ജനസംഖ്യയേറിയതും,  അതിവേഗം വളരുന്നതുമായ രാജ്യമായതിനാല്‍, സൗദി അറേബ്യയില്‍ സാന്നിധ്യം വിപുലീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആസ്റ്റര്‍ ഫാര്‍മസിയുടെ വ്യാപനത്തിലൂടെ, പ്രാഥമിക പരിചരണ സംവിധാനങ്ങള്‍ വിപുലീകരിക്കാനാണ് പദ്ധതി. സൗദി അറേബ്യയിലെ വളര്‍ന്നുവരുന്ന വലിയ വിപണിയെ ലക്ഷ്യമിട്ട് അല്‍ ഹൊകൈര്‍ ഹോള്‍ഡിംഗ് ഗ്രൂപ്പുമായി സഹകരിച്ച് ആദ്യഘട്ടത്തില്‍ 250ലധികം റീട്ടെയില്‍ ഫാര്‍മസികള്‍ സ്ഥാപിക്കാന്‍ കരാറിലേര്‍പ്പെട്ടതില്‍ ഏറെ സന്തോഷമുണ്ടെന്നും ഡോക്ടര്‍ ആസാദ് മൂപ്പന്‍ വ്യക്തമാക്കി.
 
ജിസിസിയിലും ഇന്ത്യയിലും പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ സേവനദാതാക്കളിലൊന്നായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ലിമിറ്റഡുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് അല്‍ ഹൊകൈര്‍ ഹോള്‍ഡിങ്ങ് ഗ്രൂപ്പ് ഡെപ്യൂട്ടി സിഇഒ മിഷാല്‍ അല്‍ഹൊകൈര്‍ പറഞ്ഞു. വരും വര്‍ഷങ്ങളില്‍ അല്‍ ഹൊകൈര്‍  ഹോള്‍ഡിംഗിലെ നിക്ഷേപ നിരയില്‍ വരുന്ന പുതിയ ചുവടുവെപ്പിനെ പ്രതിനിധീകരിക്കുന്നതാണ് ഈ കരാര്‍. 

രാജ്യത്തിന്റെ വിഷന്‍ 2030ന് അനുസൃതമായി വിഭാവനം ചെയ്തിട്ടുള്ള ജിവിത നിലവാരം മെച്ചപ്പെടുത്താനുള്ള ഉദ്യമങ്ങളിള്‍ പ്രധാനമായ ഘടകങ്ങളായ ക്ഷേമം, ആരോഗ്യ സംരക്ഷണം എന്നിവയെ പിന്തുണയ്ക്കുന്നതുമാണ് ഈ പങ്കാളിത്തമെന്നും അദ്ദേഹം വ്യക്തമാക്കി. 
ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ സമൂഹത്തിലെ ജനങ്ങളുടെ പടിവാതില്‍ക്കല്‍ എത്തിക്കുകയും, അതുവഴി ഉയര്‍ന്ന നിലവാരത്തിലുള്ള ആരോഗ്യ പരിരക്ഷ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുകയും ചെയ്യാനാണ് ആസ്റ്റര്‍ എപ്പോഴും പരിശ്രമിക്കുന്നതെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍ അലീഷ മൂപ്പന്‍ വ്യക്തമാക്കി. 

സൗദി അറേബ്യയിലെ ജനങ്ങള്‍ക്ക് ആരോഗ്യ സേവനങ്ങള്‍ അനായാസം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് അല്‍ ഹൊകൈര്‍ ഹോള്‍ഡിംഗ് ഗ്രൂപ്പുമായി സഹകരിച്ച് സൗദി അറേബ്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ആസ്റ്റര്‍ ഫാര്‍മസിയുടെ പദ്ധതി സൗദി അറേബ്യയിലെ ജനങ്ങളോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ആവര്‍ത്തനമാണെന്നും അലീഷ മൂപ്പന്‍ കൂട്ടിച്ചേര്‍ത്തു.
 
അല്‍ ഹൊകൈര്‍ ഹോള്‍ഡിംഗ് ഗ്രൂപ്പുമായുള്ള ഈ സംയുക്ത സംരംഭ കരാറിലൂടെ, ഉപഭോക്തൃ കേന്ദ്രീകൃത അനുഭവവും യഥാര്‍ത്ഥ ഫാര്‍മസ്യൂട്ടിക്കല്‍, നോണ്‍-ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളും വിതരണം ചെയ്യുന്നതിന് യുഎഇ, ഇന്ത്യ, ഒമാന്‍, ഖത്തര്‍, ബഹ്റൈന്‍, ജോര്‍ദാന്‍ എന്നിവയ്ക്കപ്പുറം മറ്റ് പ്രദേശങ്ങളിലേക്കും അതിന്റെ പ്രവര്‍ത്തനം വികസിപ്പിക്കാന്‍ ആസ്റ്റര്‍ ഫാര്‍മസി ലക്ഷ്യമിടുന്നു.  
 
സൗദി അറേബ്യയിലെ ആസ്റ്റര്‍ ഫാര്‍മസി രാജ്യത്തെ എല്ലായിടങ്ങളിലും എളുപ്പത്തില്‍ ലഭ്യമാവുന്ന, ഉപഭോക്തൃ സൗഹൃദ ഫാര്‍മസികള്‍ വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 'വീ വില്‍ ട്രീറ്റ് യു വെല്‍' എന്ന ബ്രാന്‍ഡിന്റെ വാഗ്ദാനമനസരിച്ചുള്ള ദൗത്യം നിറവേറ്റുന്നതിനായി ഉപഭോക്താക്കളുമായി കൂടുതല്‍ അടുത്തുകൊണ്ട് നിരന്തരം പ്രവര്‍ത്തിക്കാനുമാണ് ആസ്റ്റര്‍ പ്രയത്‌നിക്കുന്നത്. ഇതിലൂടെ എല്ലായിടങ്ങളിലും ഒരു ആസ്റ്റര്‍ ബ്രാന്‍ഡഡ് ഫാര്‍മസി സ്റ്റോറും, ഒരു ആസ്റ്റര്‍ ഫാര്‍മസിസ്റ്റും 24/7 എന്ന നിലയില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യമാണ് സ്ഥാപനം പ്രാവര്‍ത്തികമാക്കുന്നത്.
.

Share this Article