തട്ടിപ്പുണ്ടേ...സൂക്ഷിച്ചോ....; യു.എ.ഇയിൽ മലയാളിക്ക്​ നഷ്ടമായത്​ ഏഴ്​ ലക്ഷം

സ്വന്തം പ്രതിനിധി


ഒ.ടി.പി പോലും വരാതെ ക്രെഡിറ്റ്​ കാർഡ്​ തട്ടിപ്പ്​. ഫുജൈറയിൽ താമസിക്കുന്ന പൊന്നാനി സ്വദേശിയായ എൻജിനീയർക്കാണ് പണം നഷ്ടമായത്. നാട്ടിലായിരുന്ന സമയത്ത്​ 35,394 ദിർഹമാണ് (ഏഴ്​ ലക്ഷം രൂപ)​ ഒറ്റയടിക്ക്​ തട്ടിപ്പുകാർ ക്രെഡിറ്റ്​ കാർഡിൽ നിന്ന്​​ വലിച്ചത്​

ദുബൈ: ഓൺലൈൻ തട്ടിപ്പിൽ നിന്ന്​ രക്ഷപെടാൻ പ്രധാനമായും നൽകുന്ന നിർദേശമാണ്​ ഒ.ടി.പി പറഞ്ഞു കൊടുക്കരുതെന്നത്. എന്നാൽ, ഒ.ടി.പി പോലും നൽകാതെ പണം നഷ്ടമായതിന്‍റെ ഞെട്ടലിലാണ്​ ഫുജൈറയിൽ താമസിക്കുന്ന പൊന്നാനി സ്വദേശിയായ എൻജിനീയർ. ഇദ്ദേഹം നാട്ടിലായിരുന്ന സമയത്ത്​ 35,394 ദിർഹമാണ് (ഏഴ്​ ലക്ഷം രൂപ)​ ഒറ്റയടിക്ക്​ തട്ടിപ്പുകാർ ക്രെഡിറ്റ്​ കാർഡിൽ നിന്ന്​​ വലിച്ചത്​. താൻ പിൻവലിക്കാത്ത പണം തിരിച്ചടക്കേണ്ട അവസ്ഥയിലാണ്​ ഇദ്ദേഹം. ഫുജൈറ പൊലീസിൽ നൽകിയ പരാതിയിൽ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ്​.

യു.എ.ഇ കേന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്ന ബാങ്കിന്‍റെ ക്രെഡിറ്റ്​ കാർഡാണ്​ ഇദ്ദേഹം ഉപയോഗിച്ചിരുന്നത്​. കഴിഞ്ഞ മാസം 12ന്​ ഉച്ചയോടെ പത്ത്​ ദിർഹം ക്രെഡിറ്റ്​ കാർഡ്​ അക്കൗണ്ടിൽ നിന്ന് ഇത്തിസാലാത്തിന്‍റെ ക്യൂക്ക്​ പേയിലേക്ക്​ പിടിച്ചതായി മെസേജ്​ വന്നിരുന്നു. ഇത്​ കാര്യമാക്കിയില്ല. ഇതിന്​ ശേഷം ഒരു മണിക്കൂർ കഴിഞ്ഞതോടെയാണ്​ 35,394 ദിർഹം അക്കൗണ്ടിൽ നിന്ന്​ നഷ്ടമായത്​. എന്നാൽ, പണം നഷ്ടമായതായി ഇ-മെയിലോ എസ്​.എം.എസോ ല​ഭിച്ചിരുന്നില്ല. ഒരാഴ്ച കഴിഞ്ഞ്​ ക്രെഡിറ്റ്​ കാർഡ്​ ​ ബ്ലോക്കായപ്പോഴാണ് പണം നഷ്ടമായ​ വിവരം അറിയുന്നത്​.
.

Share this Article