പ്രളയത്തില്‍ പാസ്‍പോര്‍ട്ട് നഷ്ടപെട്ടവർ പേടിക്കേണ്ട

Truetoc News Desk


◼️ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ നടത്തിയ കാമ്പിൽ ലഭിച്ചത് 80 അപേക്ഷകൾ

ദുബൈ: യുഎഇയിലുണ്ടായ പ്രളയത്തില്‍ പാസ്‍പോര്‍ട്ടുകള്‍ നഷ്ടമാവുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്‍തവര്‍ക്കായി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചു. ഫുജൈറയിലെയും കല്‍ബയിലെയും ബിഎല്‍എസ് സെന്ററുകളില്‍ സംഘടിപ്പിച്ച ക്യാമ്പുകളില്‍ കോണ്‍സുലേറ്റിന് 80 അപേക്ഷകള്‍ ലഭിച്ചു. യുഎഇയിലെ ഇന്ത്യന്‍ പ്രവാസികളുടെ സംഘടനകളും പ്രളയ ബാധിത പ്രദേശങ്ങളിലെ പ്രവാസികളും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പാസ്‍പോര്‍ട്ട് സേവാ ക്യാമ്പ് സംഘടിപ്പിച്ചതെന്ന് കോണ്‍സുലേറ്റ് അറിയിച്ചു.

'പ്രളയത്തില്‍ പാസ്‍പോര്‍ട്ടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ നഷ്ടമാവുകയോ ചെയ്‍ത ഇന്ത്യന്‍ പൗരന്മാരില്‍ നിന്ന് പ്രത്യേക പരിഗണനയോടെ അപേക്ഷകള്‍ സ്വീകരിക്കുകയാണെന്നും ഓഗസ്റ്റ് 28 വരെ ഇത്തരത്തില്‍ അപേക്ഷകള്‍ സ്വീകരിക്കുന്നത് തുടരുമെന്നും' ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പാസ്‍പോര്‍ട്ട്, അറ്റസ്റ്റേഷന്‍ ആന്റ് എജ്യൂക്കേഷന്‍ കോണ്‍സുല്‍ രാംകുമാര്‍ തങ്കരാജ് പറഞ്ഞു. കോണ്‍സുലേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതായും ഇന്ത്യന്‍ പൗരന്മാര്‍ക്ക് എല്ലാ വിധ സഹായവും നല്‍കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞയാഴ്ച യുഎഇയിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നൂറു കണക്കിന് ആളുകള്‍ക്കാണ് സ്വന്തം താമസ സ്ഥങ്ങള്‍ വിട്ട് താത്കാലിക അഭയ കേന്ദ്രങ്ങളിലേക്കും ഹോട്ടലുകളിലേക്കും മാറേണ്ടി വന്നത്. നിരവധിപ്പേര്‍ക്ക് വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളും പാസ്‍പോര്‍ട്ടുകളും ഉള്‍പ്പെടെ വിലപ്പെട്ട രേഖകളെല്ലാം പ്രളയത്തില്‍ നഷ്ടമായി. ഇന്ത്യക്കാര്‍ക്ക് പുറമെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്കായും അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങള്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്.
.

Share this Article