'ടക്ക പ്രോജക്ട്': ഹോട്പാക്കും 60ഡേ സ്റ്റാർട്ടപ്സും സഹകരിക്കും

Truetoc News Desk


◼️വനിത സംരംഭകരെ പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി 
 
ദുബൈ: യു.എ.ഇ ആസ്ഥാനമായ പ്രമുഖ ഭക്ഷ്യ പാക്കേജിങ് നിര്‍മാതാക്കളായ ഹോട്പാക്ക് ഗ്ലോബല്‍ നടപ്പിലാക്കുന്ന 'ടക്ക പ്രോജക്ടി'ൽ 60ഡേ സ്റ്റാർട്ടപ്സുമായി (60ഡി.എസ്) സഹകരിക്കും. വനിത സംരംഭകരെ പിന്തുണക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പദ്ധതി നടപ്പാക്കുന്നത്. ഭക്ഷ്യ വ്യവസായത്തിൽസ്ത്രീകൾ നയിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് പരിശീലനവും മാർഗനിർദേശവും നൽകാനാണ് പങ്കാളിത്തം ലക്ഷ്യമിടുന്നത്. 
 
യു.എ.ഇയിലെ സ്ത്രീകൾ നയിക്കുന്ന ഭക്ഷ്യ ബിസിനസുകളെ ശാക്തീകരിക്കുന്നതിന് ഒരുവർഷം നീണ്ടു നിൽക്കുന്ന സംരംഭമായാണ് അന്താരാഷ്ട്ര വനിത ദിനത്തിൽ 'ടക്ക'പദ്ധതി ആരംഭിച്ചത്. യു.എ.ഇയിലെ ആദ്യ സ്ത്രീകൾ മാത്രമുള്ള ബിസിനസ് ആക്‌സിലറേറ്റർ എന്ന നിലയിലാണ് 60 ഡി.എസുമായി കമ്പനി പദ്ധതിയിൽ പങ്കാളിയാകുന്നത്. 

സ്ത്രീകളെ ശാക്തീകരിക്കുന്നതിനും പിന്തുണക്കുന്നതിനും ഞങ്ങളുടെ അതേ കാഴ്ചപ്പാടാണ് 60 ഡി.എസ് പങ്കുവെക്കുന്നതെന്നതിനാലാണ് സഹകരണമെന്ന് ഹോട്പാക്ക് ഗ്ലോബൽ ഇ-കോമേഴ്‌സ് ഹെഡ് ഷഹാന അഹമ്മദ് പറഞ്ഞു. 
 
60 ഡി.എസിന്‍റെ നെറ്റ്‌വർക്കിന്‍റെയും പരിശീലന പരിപാടികളുടെയും സഹായത്തോടെ, ബിസിനസിലും പാക്കേജിങ്ങിലുമുള്ള വൈദഗ്ധ്യവും സ്ത്രീ സംരംഭകരുടെ പ്രാതിനിധ്യവും മെച്ചപ്പെടുത്താനാവുമെന്ന് പ്രതീക്ഷിക്കുന്നതായി അവർ കൂട്ടിച്ചേർത്തു. ഹോട്പാക്ക് പിന്തുണക്കുന്ന പദ്ധതിയിലൂടെ മുഴുവൻ 60ഡി.എസ് കമ്യൂണിറ്റിക്കും ഏറെ കാര്യങ്ങൾ നേടാനാവുമെന്നും സംരംഭകത്വ മേഖലയിൽ വൈവിധ്യം, തുല്യത എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള ദൗത്യമാണിതെന്നും 60 ഡി.എസ് സ്ഥാപക നിദ സുമർ  പ്രസ്താവിച്ചു. 'ടക്ക'പദ്ധതിയുടെ ഭാഗമായി സ്ത്രീകൾ നയിക്കുന്ന സ്റ്റാർട്ടപ്പുകളെ പിന്തുണക്കാൻ 12ലക്ഷം ദിർഹമാണ് ഹോട്പാക്ക് ചെലവഴിക്കുന്നത്.
.

Share this Article