യു.എ.ഇ മഴക്കെടുതി: മരിച്ചവരിൽ അഞ്ച് പാക് സ്വദേശികൾ

Truetoc News Desk


◼️കൂടുതൽ പേർ അപകടത്തിൽ പെട്ടോ യെന്നു കണ്ടെത്താൻ  തിരച്ചിൽ തുടരുന്നു

അബൂദബി: യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത പേമാരിയിൽ മരിച്ച ഏഴു പേരിൽ അഞ്ചു പേർ പാക്കിസ്ഥാൻ സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞു. പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയ വക്താവാണ് ഇക്കാര്യം അറിയിച്ചത്. ഏഴു ഏഷ്യക്കാർക്കാണ് ജീവൻ നഷ്ടമായതെന്ന് യുഎഇ അധികൃതർ അറിയിച്ചിരുന്നു.

കൂടുതൽ പേരും മരിച്ചത് ഫുജൈറയിലാണെന്നാണ് സൂചന. ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ വീണും വാഹനാപകടങ്ങളിലും പരുക്കേറ്റവരേറെയാണ്. കൂടുതൽ പേർക്ക് അപകടം സംഭവിച്ചിട്ടുണ്ടോയെന്നു കണ്ടെത്താൻ പലയിടത്തും തിരച്ചിൽ തുടരുന്നുണ്ട്.

അതേസമയം, മഴയെ തുടർന്നുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുക്കാൻ ഫുജൈറ എമർജൻസി കമ്മിറ്റി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. പേമാരിയുടെ ദുരിതം അനുഭവിക്കുന്നവർക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുന്നതിനും മറ്റു ആവശ്യങ്ങളും അടിയന്തരമായി നടപ്പാക്കാൻ ശനിയാഴ്ച വൈകിട്ട് ചേർന്ന യോഗം തീരുമാനിച്ചു. ഫുജൈറ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് സൈഫ് അൽ അഫ്കാമിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.
.

Share this Article