പൊതുജനാരോഗ്യ സംരക്ഷണത്തിന്​ യു.എ.ഇ മന്ത്രിസഭ പുതിയ കമ്മിറ്റിക്ക്​ രൂപം നൽകി

Truetoc News Desk


ദുബൈ: പൊതുജനാരോഗ്യ സംരക്ഷണത്തിന്​ നേതൃത്വം നൽകുന്ന​ പുതിയ കമ്മിറ്റിക്ക്​ രൂപം നൽകി യു.എ.ഇ മന്ത്രിസഭ. ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്​ ഇതിലൂടെ ലക്ഷ്യമിടുന്നത്​. ഇതിനു പുറമെ യു.എ.ഇ ആരോഗ്യ കൗൺസിൽ പുനഃസംഘടിപ്പിക്കാനും മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകി.
രോഗവ്യാപനം തടയുക, പകർച്ചവ്യാധികളടക്കം കൃത്യമായി പ്രതിരോധിക്കാൻ നടപടി സ്വീകരിക്കുക, ആരോഗ്യ സംവിധാനങ്ങളെ ഏകോപനത്തോടെ മുന്നോട്ടുകൊണ്ടുപോവുക എന്നിയാണ്​ ദേശീയ പബ്ലിക് ഹെൽത്ത് കമ്മിറ്റിയുടെ ലക്ഷ്യം. യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിന്‍റെ അധ്യക്ഷതയിലാണ് മന്ത്രിസഭ യോഗം ചേർന്നത്​.

ജനങ്ങളെയും സമൂഹത്തെയും ബാധിക്കുന്ന എല്ലാ ആരോഗ്യ സംബന്ധമായ വെല്ലുവിളികളെയും നേരിടുന്നതിന്​ തയ്യാറെടുപ്പും സംവിധാനങ്ങളും ഒരുക്കുന്നതിന്​ കമ്മിറ്റിക്കായിരിക്കും ഉത്തരവാദിത്തം. ആരോഗ്യമന്ത്രി അബ്​ദുറഹ്​മാൻ അൽ ഉവൈസിയാണ്​കമ്മിറ്റി ചെയർമാൻ. അടിയന്തിര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച്​ ആസൂത്രണം നടത്തേണ്ടതടക്കമുള്ള ചുമതലകളും സമിതിക്കുണ്ട്​. ആരോഗ്യ മന്ത്രാലയം, ആരോഗ്യ അതോറിറ്റികൾ, മറ്റു സ്ഥാപനങ്ങൾ എന്നിവയെ ഏകോപിപ്പിക്കുകയും ഗവേഷണങ്ങൾക്കും പഠനങ്ങൾക്കും മേൽനോട്ടം വഹിക്കുകയും ചെയ്യും. പുനഃസംഘടിപ്പിപ്പിച്ച ആരോഗ്യ കൗൺസിലിന്‍റെ ചെയർമാനും ആരോഗ്യ മന്ത്രിയായിരിക്കും. ഫെഡറൽ തലത്തിലും പ്രാദേശിക തലത്തിലും ആരോഗ്യമേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും ഈ മേഖലയുമായി ബന്ധപ്പെട്ട നിയമനിർമ്മാണവും കൗൺസിലിന്‍റെ ചുമതലയാണ്.
.

Share this Article