തട്ടിപ്പുണ്ടേ സൂക്ഷിച്ചോ...!!!

Truetoc News Desk



◼️സമൂഹമാധ്യമങ്ങളിലെ വ്യാജ തൊഴിൽ അറിയിപ്പുകൾക്കെതിരെ ഷാർജ മുനിസിപ്പാലിറ്റി

ഷാർജ: മുനിസിപ്പാലിറ്റിയിൽ ജോലി ഒഴിവെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം. കഴിഞ്ഞദിവസങ്ങളിലാണ് ഷാർജ സിറ്റി മുനിസിപ്പാലിറ്റിയിൽ വിവിധ തസ്തികകളിൽ ജോലി ഒഴിവുണ്ടെന്ന പോസ്റ്റുകൾ വൈറലായത്. പലരും ഇതു സംബന്ധിച്ച് അന്വേഷണം തുടങ്ങിയതോടെ മുനിസിപ്പാലിറ്റി തന്നെ ഇത് വ്യാജ സന്ദേശമാണെന്ന് വ്യക്തമാക്കുകയായിരുന്നു.

ഔദ്യോഗിക സംവിധാനങ്ങളിലൂടെയല്ലാതെ പുറത്തുവരുന്ന സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും മുനിസിപ്പാലിറ്റിയുടെ അറിയിപ്പുകൾ വെബ്സൈറ്റ്, സമൂഹമാധ്യമ അക്കൗണ്ടുകൾ എന്നിവയിൽ കാണാമെന്നും അധികൃതർ അറിയിച്ചു. 993എന്ന കാൾ സെന്‍റർ നമ്പറിലൂടെ ഔദ്യോഗിക കാര്യങ്ങളിൽ വ്യക്തത വരുത്താനും സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.

ജോലി ഒഴിവുകൾ സംബന്ധിച്ച് നേരത്തേയും വിവിധ പോസ്റ്റുകൾ വ്യാജമായി പ്രചരിച്ചിരുന്നു. ഇത്തരം പോസ്റ്റുകളോടൊപ്പം നൽകുന്ന ലിങ്കുകൾ വിവരങ്ങൾ തട്ടിയെടുക്കാനുള്ള ശ്രമവുമാകാൻ സാധ്യതയുണ്ട്. അതിനാൽ, എല്ലാ വിവരങ്ങൾക്കും ഔദ്യോഗിക സംവിധാനങ്ങളെ ഉപയോഗപ്പെടുത്താനാണ് അധികൃതർ നിർദേശിക്കുന്നത്. ഫെഡറൽ നിയമം അനുസരിച്ച് അഭ്യൂഹങ്ങളും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നവർക്ക് കനത്ത പിഴ ഈടാക്കും.

തെറ്റായ വാർത്തകളും അഭ്യൂഹങ്ങളും പരത്തി സമൂഹത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും മയക്കുമരുന്ന് അടക്കമുള്ളവ വിൽപന നടത്തുകയും ചെയ്യുന്നവരെ നിയന്ത്രിക്കാനാണ് കടുത്ത പിഴ ഈടാക്കാൻ തീരുമാനിച്ചത്. കോവിഡ് കാലത്ത് ഓൺലൈൻ ഇടപാടുകൾ വർധിച്ചപ്പോൾ നിരവധി കുറ്റകൃത്യങ്ങളും കൂടിയിരുന്നു. ഈ പശ്ചാത്തലത്തിൽ ഓൺലൈൻ തട്ടിപ്പുകളും കുറ്റകൃത്യങ്ങളും തടയുന്നതിന് ശക്തമായ നടപടി സ്വീകരിക്കാൻ സർക്കാർ തലത്തിൽ തീരുമാനിച്ചത്.
.

Share this Article