വഖഫ് നിയമനം: പി.എസ്.സിക്ക് വിടില്ലെന്ന് സർക്കാർ

Truetoc News Desk


◼️നിയമ ഭേദഗതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ

തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനം പിഎസ്സിക്ക് വിടാനുള്ള തീരുമാനം പിൻവലിച്ച് സർക്കാർ. ഇതുമായി ബന്ധപ്പെട്ട് സർക്കാർ നിയമഭേദഗതി കൊണ്ടുവരുമെന്നും ബോർഡിലേക്കുള്ള നിയമനങ്ങൾക്ക് പുതിയ സംവിധാനം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രഖ്യാപിച്ചു.

നിയമസഭയിൽ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകികൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മുസ്ലിം സംഘടനകളുമായി സർക്കാർ നടത്തിയ ചർച്ചയിൽ സർക്കാർ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും യോഗത്തിൽ ഉൾതിരിഞ്ഞ പൊതു അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് നിയമ ഭേദഗതി നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞത്:
'കേന്ദ്ര സർക്കാറിന്റെ നടപടിയും കേരളത്തിലെ എൽഡിഎഫ് സർക്കാർ സ്വീകരിക്കുന്ന നടപടിയും താരതമ്യപ്പെടുത്താനാകില്ലെന്ന് കുഞ്ഞാലിക്കുട്ടിക്ക് തന്നെ അറിയാം. വഖഫ് ബോർഡിലെ നിയമനം പിഎസ് സിക്ക് വിടുന്ന തീരുമാനം രഹസ്യമായി വന്നതല്ല. ഈ സഭയിൽ തന്നെ അതുമായി ബന്ധപ്പെട്ട് ചർച്ച ചെയ്തതാണ്. നിലവിൽ വഖഫ് ബോർഡിലുള്ള ജീവനക്കാർക്ക് ആ തൊഴിൽ നഷ്ടപ്പെട്ടുപോകുമെന്നായിരുന്നു അന്ന് ലീഗ് ഉന്നയിച്ച ഏക പ്രശ്നം. അവിടെ തുടരുന്ന താത്കാല ജോലിക്കാരെ സ്ഥിരപ്പെടുത്തുമെന്ന ഉറപ്പ് അന്ന് നൽകി. അതിന് ശേഷമാണ് നിയമസഭ പാസാക്കിയത്. അത് കഴിഞ്ഞ് കുറച്ച് കാലം പിന്നിട്ട ശേഷമാണ് ഇതൊരു പ്രശ്നമായി ലീഗ് ഉന്നയിക്കുന്നത്.

2016-ലാണ് വഖഫ് ബോർഡിന്റെ യോഗം ഒഴിവ് വരുന്ന നിയമനങ്ങൾ പിഎസ്സിക്ക് വിടാൻ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച ഓർഡിനൻസിന് പകരമുള്ള ബിൽ നിയമസഭ പാസാക്കി. ബിൽ വിശദപരിശോധന്ക്കായി സബ്ജക്ട് കമ്മിറ്റി വിട്ടപ്പോഴോ നിയമസഭയിലെ ചർച്ചയിലോ വഖഫ് ബോർഡ് നിയമനം പിഎസ് സിക്ക് വിടുന്നതിലോ ആരും എതിർപ്പറയിച്ചിരുന്നില്ല എന്നതാണ് വസ്തുത-മുഖ്യമന്ത്രി പറഞ്ഞു

നിയമനിർമാണത്തെ തുടർന്ന് മുസ്ലിംസമുദായ സംഘടനകൾ ചില ആശങ്കകൾ പ്രകടിപ്പിച്ചു. ഇതേ തുടർന്ന് മുസ്ലിംസംഘടനാ പ്രതിനിധകളുടെ യോഗം വിളിച്ചു. തുറന്ന സമീപനത്തോടെ മാത്രമേ ഇക്കാര്യത്തിൽ തീരുമാനം എടുക്കൂ എന്ന് അന്നു തന്നെ വ്യക്തമാക്കിയതാണ്. പങ്കെടുത്ത എല്ലാ സംഘടനകളും സർക്കാർ നിലപാടിനോട് യോജിപ്പറിയിച്ചു. വഖഫ് ബോർഡിലേക്കുള്ള നിയമനം പിഎസ് സിയിലേക്ക് വിടുന്നതുമായി ബന്ധപ്പെട്ട് യാതൊരു തുടർ നടപടിയും സർക്കാർ ഇതുവരെ സ്വീകരിച്ചിട്ടില്ല. മുസ്ലിം സംഘടനാ പ്രതിനിധികളുടെ യോഗത്തിലുണ്ടായ യോജിച്ച അഭിപ്രായം സർക്കാർ തത്വത്തിൽ അംഗീകരിക്കുന്നു. തുടർന്ന് നിയമഭേദഗതിക്കാവശ്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നു. യോഗ്യരായവരെ നിയമിക്കാനുള്ള പുതിയ സംവിധാനം നിയമഭേദഗതിയോടെ നിലവിൽ വരും'
.

Share this Article