തനിക്ക് വിവോ ഫോണില്ല, ദൃശ്യങ്ങള്‍ കണ്ടത് കോടതിയില്‍വെച്ചെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍

Truetoc News Desk



കൊച്ചി: നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ജഡ്ജിയുടെ സാന്നിധ്യത്തില്‍ കോടതിയില്‍ വച്ചാണ് താന്‍ കണ്ടതെന്ന് പ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ വി വി പ്രതീഷ് കുറുപ്പ്. മെമ്മറി കാര്‍ഡ് താന്‍ കണ്ടിട്ടില്ലെന്നും തനിക്ക് വിവോ ഫോണില്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. 

മെമ്മറി കാര്‍ഡില്‍ ഹാഷ് വാല്യൂ മാറിയതിനെ കുറിച്ച് തനിക്കറിയില്ലെന്നും കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. 
നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ്  മൂന്ന് തവണ തുറന്ന് പരിശോധിച്ചതായി ഫൊറന്‍സിക് കണ്ടെത്തിയിരുന്നു. 2021 ജൂലൈ  19 നാണ് അവസാനമായി പരിശോധിച്ചത്. ആ ദിവസം ഉച്ചയ്ക്ക് 12.19 മുതല്‍ 12: 54 വരെയുളള സമയത്ത് ഒരു വിവോ ഫോണിലിട്ടാണ് മെമ്മറി കാര്‍ഡ് തുറന്നത്. 2018 ജനുവരി 9 നാണ് ആദ്യം ഹാഷ് വാല്യു മാറിയിരിക്കുന്നത്. അന്നേദിവസം രാത്രി 9.58 ന് ഒരു കംപ്യൂട്ടറിലിട്ടാണ് മെമ്മറി കാര്‍ഡ്  പരിശോധിച്ചത്. പിന്നീട് 2018 ഡിസംബര്‍ 13 നാണ്  ഹാഷ് വാല്യൂ മാറിയത്. 

ആദ്യം അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെ പക്കലും രണ്ടാമത് എറണാകുളം ജില്ലാ കോടതിയുടെ പക്കലും ഒടുവില്‍ വിചാരണക്കോടതിയുടെ പക്കലും ഉണ്ടായിരുന്നപ്പോഴാണ് ഹാഷ് വാല്യു മാറിയത്. കോടതി ബന്തവസിലുള്ള തെളിവ് ആരാണ് അസമയത്ത് തുറന്ന് പരിശോധിച്ചതെന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്.
.

Share this Article