നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരേ തെളിവില്ല, വെളിപ്പെടുത്തലുമായി മുൻ ഡിജിപി

സ്വന്തം പ്രതിനിധിതിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ പോലീസിന്റെ കണ്ടെത്തലുകൾ ചോദ്യംചെയ്ത് മുൻ ഡിജിപി ആർ ശ്രീലേഖ. ദിലീപിനെതിരേ തെളിവ് കിട്ടാത്തതുകൊണ്ടാണ് പുതിയ കേസുമായി പോലീസ് രംഗത്തുവന്നത്. പൾസർ സുനി മുമ്പും നിരവധി നടിമാരോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും ജയിലിൽനിന്ന് ദിലീപിന് കത്തയച്ചത് പൾസർ സുനിയല്ല, സഹതടവുകാരനാണെന്നും ആർ ശ്രീലേഖ പറഞ്ഞു. തന്റെ യുട്യൂബ് ചാനലിലൂടെയാണ് ശ്രീലേഖ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

പൾസർ സുനിയെ അറസ്റ്റ് ചെയ്ത വേളയിൽ രണ്ടാഴ്ചയോളം അയാൾ പോലീസ് കസ്റ്റഡിയിലുണ്ടായിരുന്നു. ഇത്രയും ദിവസങ്ങൾ കസ്റ്റഡിയിൽവച്ച് ചോദ്യംചെയ്തിട്ടും ഇതൊരു ക്വട്ടേഷനായിരുന്നുവെന്ന് കണ്ടെത്താൻ പോലീസ് കഴിയാതെ പോയത് എന്തുകൊണ്ടാണെന്ന് ശ്രീലേഖ ചോദിച്ചു. ക്വട്ടേഷനാണെങ്കിൽ സാധാരണ നിലയിൽ ഒരു പ്രതി അക്കാര്യം പോലീസിന് മുമ്പാകെ തുറന്നുസമ്മതിക്കേണ്ടതാണെന്നും അവർ പറഞ്ഞു.

പൾസർ സുനിയും കൂട്ടരും ക്വട്ടേഷൻ സംഘങ്ങളാണോയെന്ന് തനിക്ക് ഇപ്പോഴും സംശയമുണ്ട്. ഇവർ ചെയ്ത മുൻകാല പ്രവർത്തികൾ മുഴുവൻ സ്വയം കാശുണ്ടാക്കാനും ആളുകളെ ഭീഷണിപ്പെടുത്തി പണംതട്ടാനുമാണെന്നും ശ്രീലേഖ പറഞ്ഞു. കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചതിന് ശേഷമാണ് പൾസർ സുനി അയച്ചെന്ന് പറയുന്ന കത്ത് അടക്കമുള്ള കാര്യങ്ങൾ പുറത്തുവന്നത്. ഇതിന് പിന്നിലും ഗൂഢാലോചനയുണ്ടെന്നും ശ്രീലേഖ പറയുന്നു.
.

Share this Article