ഖത്തറിലുരുളും കാറ്റിനൊപ്പം 'കമ്പ്യൂട്ടറുമുള്ള' പന്ത്

Truetoc News Desk


ദോഹ: ഖത്തർ ലോകകപ്പിന് ഉപയോഗിക്കുന്ന അൽ രിഹ്‌ല വെറുമൊരു പന്തല്ല, തുകൽപ്പന്തിൽ ശ്വാസവായുവിനൊപ്പം നിരവധി സാങ്കേതിക സംവിധാനങ്ങൾ കൂടി നിറച്ചാണ് ഫിഫയും അഡിഡാസും രിഹ്‌ലയെ ഗ്രൗണ്ടിലിറക്കുന്നത്.

വീഡിയോ അസിസ്റ്റന്റ് റഫറിക്ക് പിന്നാലെ സെമി ഓട്ടോമേറ്റഡ് ഓഫ്‌സൈഡ് ടെക്‌നോളജി കൂടി വന്നതോടെയാണ് ലോകകപ്പ് മത്സരങ്ങൾക്ക് ഉപയോഗിക്കുന്ന അൽ രിഹ്‌ല കൂടുതൽ സാങ്കേതികമാകുന്നത്. തുകൽപ്പന്തിലെ കാറ്റിനൊപ്പം അത്യാധുനിക സെൻസറുകൾ കൂടി വഹിച്ചാകും രിഹ്‌ല ലോകകപ്പ് വേദിയിലെത്തുക. പന്തിനുള്ളിൽ ഘടിപ്പിച്ച മോഷൻ സെൻസർ കിക്ക് ചെയ്യുമ്പോൾ കളിക്കാരന്റെ കൃത്യമായ സ്ഥാനം നിർണയിക്കാൻ സഹായിക്കും.

നിലവിൽ വിഎആർ തീരുമാനങ്ങൾക്ക് 70 സെക്കന്റ് വരെ സമയമെടുക്കുമ്പോൾ പുതിയ സാങ്കേതിക വിദ്യ പ്രകാരം അത് 25 സെക്കന്റാണ്. മറ്റൊരു പ്രത്യേകത കൂടിയുണ്ട് രിഹ്‌ലയ്ക്ക്. പാനലുകൾ പരസ്പരം ബന്ധിപ്പിക്കുന്നത് ചൂട് ഉപയോഗിച്ചാണ്. സ്റ്റിച്ച് ഉപയോഗിക്കുന്നില്ല, പാകിസ്താനിലും ചൈനയിലുമായാണ് പന്ത് നിർമിക്കുന്നത്.
.

Share this Article